ടോം ജോസഫ് നെഗറ്റിവ് പബ്ലിസിറ്റി കളിക്കുന്നു, കാര്യമാക്കുന്നില്ല: നാലകത്ത് ബഷീര്‍
കോഴിക്കോട്: അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫിന്റെ ശ്രമം നെഗറ്റിവ് ന്യൂസ് വാല്യു ഉണ്ടാക്കാനെന്ന് ദേശീയ വോളി സംഘാടക സമിതി ചെയര്‍മാനും വോളിബോള്‍ ഫെഡറേഷന്‍ ഒഫ് ഇന്ത്യ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാനുമായ നാലകത്ത് ബഷീര്‍.

ടോമിനെ ടൂര്‍ണമെന്റിലേക്ക് പലതവണ ക്ഷണിച്ചിട്ടുണ്ടെന്നും പബ്ലിസിറ്റിക്കുവേണ്ടിയുള്ള കളികള്‍ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തില്‍ വിരുന്നെത്തിയ ചാംപ്യന്‍ഷിപ്പില്‍ ടോമിനെ അവഗണിച്ചുവെന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നാലകത്ത് ബഷീര്‍.
കുറ്റ്യാടിയില്‍ കഴിഞ്ഞമാസം നടന്ന സെലിബ്രിറ്റി വോളിയില്‍ താന്‍ അതിഥിയായിരുന്നു. അന്ന് ടോമിനെ ചാംപ്യന്‍ഷിപ്പിലേക്ക് നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. തുടര്‍ന്ന് കോഴിക്കോട് പ്രസ്‌ക്ലബ്ബും കണ്ണൂര്‍ പ്രസ്‌ക്ലബ്ബും തമ്മില്‍ നടന്ന പ്രദര്‍ശന മത്സരത്തിനും ക്ഷണിച്ചിട്ടുണ്ട്. കേരള കോച്ച് അബ്ദുല്‍ നാസറും കെസി ഏലമ്മയും അടുത്തിരിക്കുമ്പോഴാണ് ഒരിക്കല്‍ ടോമിനെ വിളിച്ചത്. എന്നിരിക്കെ നെഗറ്റിവ് പബ്ലിസിറ്റിക്കുവേണ്ടിയാണ് ടോമിന്റെ ശ്രമമെന്നും അത്തരം കളികള്‍ കാര്യമാക്കുന്നില്ലെന്നും നാലകത്ത് ബഷീര്‍ പറഞ്ഞു.

ദേശീയ വോളിയില്‍ മുന്‍ഇന്ത്യന്‍ ക്യാപ്റ്റനും കോഴിക്കോട്ടുകാരനുമായ ടോം ജോസഫിന്റെ അസാന്നിധ്യം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ടോം മത്സരവേദിയിലേക്ക് എത്തുകയും ടിക്കറ്റെടുത്ത് ഗ്യാലറിയില്‍ പ്രവേശനം നേടുകയും ചെയ്തിരുന്നു. വോളിബോള്‍ പ്രേമികള്‍ ആര്‍പ്പുവിളികളോടെയാണ് ടോമിനെ സ്‌റ്റേഡിയത്തിലേക്ക് ആനയിച്ചത്. കാണികള്‍ സംഘാടകര്‍ക്കെതിരെയും മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘാടക സമിതി ചെയര്‍മാന്റെ പ്രതികരണം.












Click it and Unblock the Notifications