പിണറായിക്ക് നാളെ നിര്‍ണായകം; കോടതി തീരുമാനം എന്താകും? 2 എസ്ഐടി രൂപീകരിച്ച് വിജിലന്‍സ്
പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍മന്ത്രി മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. ഡിഐജി തോംസണ്‍ ജോസിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. പിണറായി ഒന്നാം പ്രതിയായ കേസ് എസ്പി ഇഎന്‍ സുരേഷും റിയാസ് ഒന്നാം പ്രതിയായ കേസ് കോഴിക്കോട് സ്പെഷല്‍ സെല്‍ എസ്പി ബാലകൃഷ്ണനും അന്വേഷിക്കും.
ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം രണ്ട് കാലഘട്ടങ്ങളില്‍ നടന്ന സാമ്പത്തിക ആരോപണങ്ങളായതിലാണ് രണ്ട് കേസുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസുകളെടുത്തത്. അഴിമതിക്കേസിലാണ് പിണറായി ഒന്നാം പ്രതി. ഹവാല കേസിലാണ് റിയാസ് ഒന്നാം പ്രതി. ഈ രണ്ട് കേസുകളിലും പിണറായിയുടെ മകള്‍ വീണ ടി രണ്ടാം പ്രതിയാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വീണ ടി സ്വന്തം കമ്പനിയായ എക്സാലോജിക് വഴി സിഎംആര്‍എലില്‍ നിന്ന് മാസപ്പടി വാങ്ങിയെന്നതാണ് ആദ്യ കേസ്. നല്‍കാത്ത സേവനത്തിനാണ് 3.28 കോടി വാങ്ങിയത് എന്ന് പറയപ്പെടുന്നു. മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയിലാണ് പണം ലഭിച്ചത്. ഇങ്ങനെ പണം നല്കാന് കാരണം രാഷ്ട്രീയ സ്വാധീനമാണ്. ഇത് പിണറായിക്കുള്ള കൈക്കൂലിയാണ് എന്നെല്ലമാണ് ഇഡിയുടെ ആരോപണം.
അതിനാല്‍ വിജിലന്‍സ് എടുത്ത ആദ്യ കേസില്‍ പിണറായി ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. സിഎംആര്‍എല്‍ കമ്പനി ഉടമ ശശിധരന് കര്‍ത്ത ഉള്‍പ്പെടെ ഏഴ് പ്രതികളാണ് ഈ കേസിലുള്ളത്. മുഹമ്മദ് റിയാസ് അനധികൃതമായി ഉണ്ടാക്കിയ പണം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന ഇഡി കണ്ടെത്തലിലാണ് രണ്ടാമത്തെ കേസ്. ഇതിലും വീണയാണ് രണ്ടാം പ്രതി. വീണയുടെ വസതിയില്‍ നിന്ന് ഇഡി പിടിച്ചെടുത്ത കൈയെഴുത്ത് കുറിപ്പുകളാണ് ഇതിനുള്ള തെളിവായി പറയുന്നത്. റിയാസിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ആകെ എട്ട് പ്രതികളാണ് ഈ കേസിലുള്ളത്.
പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന് ബെഞ്ചില്‍ പിണറായി അപ്പീല്‍ നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കണമോ എന്ന കാര്യത്തില്‍ നാളെ ഹൈക്കോടതി തീരുമാനം എടുക്കും. സിംഗിള്‍ ബെഞ്ച് മുമ്പാകെ എത്തിയ ഹര്‍ജിയില്‍ പിണറായിയും റിയാസും കക്ഷികളായിരുന്നില്ല. അതുകൊണ്ടുതന്നെ അപ്പീല്‍ സ്വീകരിക്കേണ്ടതില്ല എന്ന വാദമാണ് ഇഡിക്ക്.
അതേസമയം, അപ്പീല്‍ പരിഗണിക്കേണ്ടതില്ല എന്ന് ഹൈക്കോടതി തീരുമാനിച്ചാല്‍ പിണറായി വിജയന് തിരിച്ചടിയാകും. പിന്നീട് സുപ്രീംകോടതിയെ സമീപിക്കുകയാകും അദ്ദേഹത്തിന് മുന്നിലുള്ള വഴി. അതേസമയം, അപ്പീല്‍ പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചാല്‍, പിന്നീട് അപ്പീലിലുള്ള വാദം കേള്‍ക്കുകയും തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്യും.


Click it and Unblock the Notifications
