നാളെ കന്നി ഒന്ന്; ഇടിവെട്ടി മഴയും; ഈ ജില്ലകള്‍ക്ക് നാളെ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: മലയാള മാസം ചിങ്ങം തീര്‍ന്ന് കന്നി മാസം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് നാളെ മുതല്‍ ഇടിമിന്നലോടു കൂടിയ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.
വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും കൊച്ചി, ഇടുക്കി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ മഴ ലഭിച്ചിരുന്നു.

മഴയോടൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണം. 14 ജില്ലകളിലും ഇടിമിന്നലിനൊപ്പം മഴ സാധ്യത നിലനില്‍ക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ 20 വരെ തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.












Click it and Unblock the Notifications