ഇരിങ്ങാലക്കുട വിജയന് കേസ്: തെളിവെടുപ്പ് നടത്തി
തൃശൂര്‍: ഇരിങ്ങാലക്കുട വിജയന് കൊലകേസില്‍ അറസ്റ്റിലായ പ്രതികളെയും കൊണ്ട് തെളിവെടുപ്പ്് നടത്തി. പ്രതികള്‍ ചികിത്സ തേടിയ കൊടകര ശാന്തി ആശുപത്രി, താണിശേരി കല്ലട അമ്പലത്തിന് പിറകിലുള്ള ബണ്ട്, പ്രതികളുടെ വീടുകള്‍ എന്നിവിടങ്ങളിലാണു സി.ഐ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്.
കേസിലെ മുഖ്യപ്രതി ആലപ്പാട്ട് മാടാനി വീട്ടില്‍ ജിജോ (27), പുല്ലത്തറ സ്വദേശികളായ തൊട്ടിപ്പുള്ളി നിധിന് (22), കരണക്കോട്ട് അര്ജുന്(18), ഗാന്ധിഗ്രാം സ്വദേശി തൈവളപ്പില്‍ അഭിഷേക്(22), കാറളം സ്വദേശി ദീലീഷ് (20), കറത്തുപറമ്പില്‍ വീട്ടില്‍ അഭിനന്ദ് (20), കിഴുത്താണി പുളിക്കല്‍ വീട്ടില്‍ സാഗവ് (19) എന്നിവരെക്കൂട്ടിയാണു തെളിവെടുപ്പ്. വിജയനെ വെട്ടുന്നതിനിടയില്പ്രതികളില് ചിലര്‍ക്കു മുറിവേറ്റിരുന്നു.
അന്നുരാത്രി പതിനൊന്നോടെ ശാന്തി ആശുപത്രിയില്‍ ഇവര്‍ ചികിത്സ തേടിയിരുന്നു. പ്രതികളേയും കൊണ്ട് ആശുപത്രിയിലെത്തിയ അന്വേഷണ സംഘം ഡോക്ടര്‍മാരില്‍നിന്നും തെളിവെടുപ്പ് നടത്തി. സി.സി.ടി.വി. ദ്യശ്യങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്ന് കല്ലട അമ്പലത്തിന് പിന്നിലുള്ള ബണ്ടിലും തെളിവെടുപ്പ് നടത്തി.പ്രതികള്‍ സംഘം ചേര്‍ന്നതും വീടുകയറി ആക്രമിക്കാനും കൊല നടത്താനും പദ്ധതിയൊരുക്കിയത് ഇവിടെ വെച്ചായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് നിധിന്, അര്ജ്ജുന്, ദിലീഷ്, അഭിനന്ദ്, സാഗവ് എന്നിവരുടെ വീടുകളിലും പരിശോധന നടത്തി. ചിലയിടങ്ങില്നിന്നു രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി.
മേയ് 27നു രാത്രിയാണു മകനെ അന്വേഷിച്ചെത്തിയ സംഘം ചെട്ടിപ്പറമ്പ് കനാല്‍ ബേസ് കോളനിയില്‍ മൊന്തചാലില്‍ വിജയനെ വീട്ടില്‍ കയറി വെട്ടിയത്. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് ടൗണ്‍ഹാള്‍ പരിസരത്തുവെച്ച് ചുണ്ണാമ്പിനെച്ചൊല്ലി വിജയന്റെ മകന് വിനീതുമായി ഗുണ്ടാസംഘം വാക്കേറ്റം നടന്നിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാണ് രാത്രി പത്തുമണിയോടെ വിനീതിനെ അന്വേഷിച്ച് സംഘം വിജയന്റെ വീട്ടിലെത്തിയത്. വാതില്‍ തുറന്ന് വന്ന വിജയനെ വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം വെട്ടിപരിക്കല്‍പ്പിച്ചത്. വിജയനെ വെട്ടുന്നത് തടുക്കാന്‍ ശ്രമിച്ച ഭാര്യ അംബിക (52) യ്ക്കും, ഭാര്യ മാതാവ് കൗസല്യ (83)ക്കും പരിക്കേറ്റിരുന്നു. എ.എസ്.ഐ. അനില്‍കുമാര്‍, സുനില്‍, വിജു പൗലോസ്, സീനിയര്‍ സി.പി.ഒ. മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, എം.കെ ഗോപി, സി.പി.ഒ.മാരായ ജീവന്, എന്‍. സുധീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.