ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇനി ഹെലികോപ്റ്ററില്‍ എത്താം: ഹെലി ടൂറിസം പദ്ധതിയുമായി സർക്കാർ
കോഴിക്കോട്: പുറമെ നിന്നും കേരളത്തിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര മേഖലകളില്‍ വേഗത്തില്‍ എത്തിപ്പെടാനായി ഹെലി ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിനായി ഹെലികോപ്റ്റര്‍ ഓപ്പറേറ്റര്‍ ഏജന്‍സികളുമായി ചര്‍ച്ച നടത്തി ഏകോപനം നിര്‍വ്വഹിക്കും. നിലവിലുള്ള ഹെലിപ്പാഡുകള്‍ കോര്‍ത്തിണക്കിയുള്ള സര്‍വ്വീസുകള്‍ വിഭാവനം ചെയ്യും.
സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികളുടെ ഉത്തരവാദിത്വമായിരിക്കും. സേവനദാതാക്കള്‍ക്ക് ഉപഭോക്താക്കളിലേക്ക് എത്താനുള്ള എല്ലാ നിലയിലുമുള്ള സൗകര്യങ്ങളുമാണ് ടൂറിസം വകുപ്പ് ഒരുക്കി നല്‍കുക. ഹെലികോപ്റ്റര്‍ ഓപ്പറേറ്റര്‍മാരുടെ പാക്കേജുകള്‍, ട്രിപ്പുകള്‍ അതിന്റെ വിശദാംശങ്ങള്‍, ബുക്കിംഗ് ഉള്‍പ്പടെ കാര്യങ്ങള്‍ ടൂറിസം വകുപ്പ് മുന്‍ക്കൈയ്യെടുത്ത് നടപ്പാക്കും. ഇതിന് ഓപ്പറേറ്റര്‍മാരുമായി ധാരാണാ പത്രത്തില്‍ ഒപ്പുവെക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യുസഫ് അലി യുഎഇയില്‍ കാല് കുത്തിയിട്ട് 50 വർഷം: അഭിമാനകരമായ വളർച്ച, ഇന്ന് ആരേയും ഞെട്ടിക്കും ആസ്തി

അതേസമയം, കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയർ കൂടുതല്‍ സൗന്ദര്യവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു ഇതിനായി വിനോദ സഞ്ചാര വകുപ്പ് ആദ്യഘട്ട നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. കലക്ട്രേറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനാഞ്ചിറ സ്‌ക്വയറും ബീച്ചും ദീപാലംകൃതമാക്കിയത് ജനങ്ങള്‍ വലിയ നിലയില്‍ സ്വീകരിച്ചതായും കോഴിക്കോട് നഗരത്തിലെ കൂടുതല്‍ ഇടങ്ങളെ സൗന്ദര്യവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതിന്റെ ഭാഗമായി സരോവരം മികവുറ്റ നിലയില്‍ മാറ്റിത്തീര്‍ക്കും. സരോവരം നവീകരണത്തിനായി രണ്ട് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇവിടെയെല്ലാം മറ്റു ടൂറിസം സാധ്യതകള്‍ ഉള്‍പ്പടെ നടപ്പാക്കി മുന്നോട്ട് പോകാനാണ് തീരുമാനം. പ്രവര്‍ത്തന രഹിതമായി കിടക്കുന്ന പാര്‍ക്കുകള്‍ ഉള്‍പ്പടെ പ്രവര്‍ത്തന ക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങളുടെ മാതൃകയിൽ പാലങ്ങൾ ദീപാലംകൃതമാക്കുന്ന പദ്ധതിയുടെ തുടക്കം ഫറോക്ക് പഴയ പാലത്തിൽ നിന്നുമായിരിക്കും. ഫറോക്ക് പഴയപാലം ദീപാലംകൃതമാക്കി അലങ്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി പാലം സന്ദർശിക്കുകയായിരുന്നു മന്ത്രി. കേരളജനതക്കുള്ള പുതുവത്സര സമ്മാനമായിരിക്കും ഇത്. പാലത്തിന്റെ ദീപാലങ്കാര പ്രവർത്തികളും അനുബന്ധ പ്രവർത്തികളും പൂർത്തിയാക്കി ജനുവരി 14 ന് വൈകിട്ട് ആറുമണിക്ക് ഉദ്ഘാടനം ചെയ്യും. പാലത്തിന്റെ ദീപാലങ്കാര ഉദ്ഘാടനം ജനകീയ ഉത്സവമാക്കും.
പാലത്തിനോട് ചേർന്നുള്ള കോർപ്പറേഷന്റെ അധീനതയിലുള്ള പാർക്ക് നവീകരിച്ച് ഇരിപ്പിടങ്ങളും മിനി സ്‌റ്റേജ്, കഫ്റ്റീരിയ ഉൾപ്പെടെ സജ്ജീകരിക്കും. പഴയ പാലത്തിന്റെ ദീപാലംകൃതമായ കാഴ്ചയും ചാലിയാറിന്റെ മനോഹാരിതയും സന്ദർശകർക്ക് ഒപ്പിയെടുക്കാൻ കഴിയുന്ന തരത്തിൽ പാലത്തിനോട് ചേർന്ന് സെൽഫി പോയിന്റ് ഒരുക്കുന്നുണ്ട്. കേരളത്തിന്റെ ടൂറിസം രംഗത്തെ അത്ഭുതകരമായ കാഴ്ചയായിരിക്കും ഇനി ഫറോക്ക് പഴയ പാലത്തിന് സമീപം കാണാൻ സാധിക്കുക.
ചാലിയാറിന്റെ ജല ടൂറിസത്തിന് പ്രാധാന്യം നൽകി ഇതിന് സമീപത്തായി ഫ്ലോട്ടിംഗ് ജെട്ടിയും നിർമ്മിക്കുന്നുണ്ട്. കോർപറേഷൻ ജനപ്രതിനിധി, ജില്ലാ കലക്ടർ, ഡിടിപിസി സെക്രട്ടറി, കോർപ്പറേഷൻ സെക്രട്ടറി എന്നിവർ അംഗങ്ങളായി പദ്ധതിയുടെ സ്ഥിരമായ നടത്തിപ്പും പ്രവർത്തനവുമായി ബന്ധപ്പെട്ട് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കും. പാർക്കിൽ ശുചീകരണ തൊഴിലാളികളെയും സെക്യൂരിറ്റിയെയും നിയമിക്കും.












Click it and Unblock the Notifications