രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ടൊവിനോ, പുതിയ തലമുറ വരട്ടെയെന്ന് ആസിഫ്, താരപ്രതികരണങ്ങൾ
തുടർഭരണമോ അതോ ഭരണമാറ്റമോ എന്ന നിർണായക ചോദ്യത്തിന് ഉത്തരവുമായി കേരളം പോളിംഗ് ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ സിനിമാ താരങ്ങളും സജീവമായ ഈ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നുണ്ട്. അഭിനേതാക്കളായ മോഹൻലാൽ, മമ്മൂട്ടി, അഹാന കൃഷ്ണകുമാർ, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ രാവിലെ തന്നെ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.
തിരുവനന്തപുരം മുടവൻമുകൾ എൽപി സ്കൂളിലാണ് മോഹൻലാൽ വോട്ട് ചെയ്യാൻ എത്തിയത്. താരം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. എല്ലാവരും വോട്ട് ചെയ്യണമെന്നും 5 കൊല്ലം കൂടുമ്പോള്‍ കിട്ടുന്ന അവസരമല്ലേ എന്നുമാണ് മമ്മൂട്ടി വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. പൊന്നുരുത്തി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് സ്‌കൂളിലാണ് അദ്ദേഹം ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയത്. ആലപ്പുഴ സെന്റ് മേരീസ് സ്കൂളിലാണ് ഫഹദ് ഫാസിൽ വോട്ട് രേഖപ്പെടുത്തിയത്.
അഭിപ്രായ സ്വാതന്ത്ര്യമുളള ഒരു സര്‍ക്കാര്‍ ആയിരിക്കണം എപ്പോഴും വരേണ്ടത് എന്ന് നടൻ ആസിഫ് അലി വ്യക്തമാക്കി. '' നമ്മുടെ കയ്യെത്തും ദൂരത്തുളള ഭരണസംവിധാനം ആയിരിക്കണം. തൊടുപുഴയില്‍ പിജെ ജോസഫ് മാറി നിന്ന് അടുത്ത തലമുറ വരുന്നു എന്നുളളത് നമ്മുടെ നേതാക്കളുടെ പക്വതയാണ് കാണിക്കുന്നത്. പുതിയ തലമുറയ്ക്ക് വേണ്ടി മാറി നില്‍ക്കുക എന്നത് സീനിയേഴ്‌സ് ആയിട്ടുളള എല്ലാ രാഷ്ട്രീയക്കാരും പിന്തുടരേണ്ട കാര്യമാണ്.

താന്‍ മത്സരിക്കുന്നു എന്നുളള വാര്‍ത്തകളുണ്ടായിരുന്നു. പിജെ ജോസഫ് സര്‍ അക്കാര്യം വീട്ടില്‍ വിളിച്ച് അന്വേഷിച്ചിരുന്നു. വാപ്പയ്ക്കും ഉമ്മയ്ക്കുമെല്ലാം അത്ഭുതമായിരുന്നു. പിടി തോമസും പിജെ ജോസഫും ചെറുപ്പം മുതല്‍ കേള്‍ക്കുന്ന പേരുകളാണ്. അവരുമായി ചെറുപ്പം മുതല്‍ വളരെ വ്യക്തിപരമായ അടുപ്പം ഉണ്ട്. തൊടുപുഴ അത്ഭുതകരമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നും തൊടുപുഴ മണ്ഡലത്തിലെ വോട്ടറായ ആസിഫ് അലി പറഞ്ഞു.
ഒരു തിരഞ്ഞെടുപ്പില്‍ പോലും സമ്മതിദാനാവകാശം നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് നടൻ ടൊവിനോ തോമസ് പറഞ്ഞു. ''അതെന്റെ അവകാശവും കടമയുമാണ്. ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് നമ്മളൊക്കെ തന്നെയാണ്. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നവര്‍ക്ക് അതിന് പ്രാപ്തി ഉണ്ടെങ്കില്‍ ശോഭിക്കാന്‍ കഴിയും. രാഷ്ട്രീയത്തിലേക്കില്ല. സിനിമയില്‍ ഇപ്പോള്‍ തന്നെ സമ്മര്‍ദ്ദവും ഉറക്കം ഇല്ലായ്മയും ഉണ്ട്. ഇപ്പോള്‍ സിനിമയില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. ഏത് മുന്നണി അധികാരത്തില്‍ വന്നാലും നന്നായി കേരളം ഭരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്'' എന്നും ടൊവിനോ വ്യക്തമാക്കി.
''വിജയിക്കുന്നവര്‍ക്ക് നല്ല രീതിയില്‍ നാടിനെ സേവിക്കാന്‍ സാധിക്കട്ടെ. തുടര്‍ഭരണമാണെങ്കിലും തുടരാത്ത ഭരണം ആണെങ്കിലും നല്ല ഭരണം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ലെഫ്റ്റ് ആണെങ്കിലും റൈറ്റ് ആണെങ്കിലും സ്‌ട്രെയ്റ്റ് ആവട്ടെ. മത്സരിക്കാന്‍ ആഗ്രഹം ഇല്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. രമേഷ് പിഷാരടി ജയിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തെ വിളിച്ച് ചോദിക്കാം എന്ന് കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു. നാടിന് നന്മ ചെയ്യുന്നവര്‍ പാര്‍ട്ടി ഭേദഭന്യേ വിജയിക്കട്ടെ എന്നും താരം പറഞ്ഞു. ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലായിരുന്നു കുഞ്ചാക്കോ ബോബന്‍ വോട്ട് രേഖപ്പെടുത്തിയത്. ഇന്ന് എല്ലാവരും തിരഞ്ഞെടുപ്പിനെ കുറിച്ച് ബോധമുളളവരാണെന്ന് ശരിയായത് തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നടി അഹാന കൃഷ്ണ പ്രതികരിച്ചു.












Click it and Unblock the Notifications