സൗദിയൊക്കെ മാറി, അഞ്ചാറ് വര്‍ഷം കൊണ്ട് ഇന്ത്യയ്ക്കുണ്ടായത് പുരോഗതിയോ അധോഗതിയോ? ടൊവിനോ
എമ്പുരാന്‍ സിനിമ മലയാളത്തിലെ എക്കാലത്തേയും വലിയ പണം വാരി സിനിമയായി കുതിക്കുന്നതിനിടയിലും സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തിന് പിന്നാലെ സിനിമയിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്യുകയും മ്യൂട്ട് ചെയ്യുകയും ചെയ്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടന്‍ മോഹന്‍ലാല്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് പിന്നീട് റീ എഡിറ്റിംഗും മറ്റും വരുത്തുന്നത് അപൂര്‍വമാണ്. അതേസമയം ബേസിലിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ് എന്ന സിനിമയ്ക്ക് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ സെന്‍സറിംഗും പ്രദര്‍ശന വിലക്കും നേരിട്ടതും വാര്‍ത്തയായിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ ടൊവിനോ തോമസ്.

സൗദി അറേബ്യയില്‍ മരണമാസ് എന്ന സിനിമയ്ക്ക് പ്രദര്‍ശന വിലക്ക് നേരിടേണ്ടി വന്നപ്പോള്‍ കുവൈത്തില്‍ സിനിമയിലെ ആദ്യ പകുതിയിലേയും രണ്ടാം പകുതിയിലേയും ചില രംഗങ്ങള്‍ നീക്കം ചെയ്യേണ്ടി വന്നു. അതേസമയം ഈ രണ്ട് രാജ്യങ്ങളിലും ചിത്രത്തിനുണ്ടായ നിയന്ത്രണം ആ രാജ്യങ്ങളിലെ നിയമപ്രകാരമുള്ളതാണ് എന്നാണ് ടൊവിനോ തോമസ് പറഞ്ഞത്.
നമ്മുടെ രാജ്യമാണ് എങ്കില്‍ വേണമെങ്കില്‍ ഇതെല്ലാം ചോദ്യം ചെയ്യാം എന്നും മറ്റ് രാജ്യങ്ങളില്‍ നിയമം വേറെയാണ് എന്നും അദ്ദേഹം പറഞ്ഞു. തല്‍കാലം അതില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് എന്ന് ടൊവിനോ പറഞ്ഞു. 'സൗദിയപ്പറ്റി നമുക്ക് എല്ലാര്‍വര്‍ക്കും അറിയാവുന്നതാണ്. എന്നാലും ഞാന്‍ 2019 - ല്‍ പോയപ്പോള്‍ കണ്ട സൗദിയല്ല 2023-ല്‍ കണ്ടത്. അവര്‍ക്ക് അതിന്റേതായ സമയം കൊടുക്കൂ.
അവര്‍ അവരുടേതായ ഭേദഗതികള്‍ വരുത്തുന്നുണ്ട്. എന്നാല്‍ 201 9- ല്‍ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാള്‍ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാല്‍ അത് വലിയ ചോദ്യമാണ്,' ടൊവിനോ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചാറ് വര്‍ഷം നമ്മുടെ രാജ്യത്ത് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതില്‍ തനിക്ക് സംശയമുണ്ട് എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
അതേസമയം ട്രാന്‍സ്ജെന്‍ഡര്‍ ആയ വ്യക്തി താരനിരയില്‍ ഉള്ളത് കൊണ്ടാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മരണമാസിന് പ്രദര്‍ശന നിയന്ത്രണം ഉണ്ടായത് പുറത്തുവന്ന റിപ്പോര്‍ട്ട്. ബേസിലിനെ കൂടാതെ സുരേഷ് കൃഷ്ണ, രാജേഷ് മാധവന്‍, ബാബു ആന്റണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.












Click it and Unblock the Notifications