അവരെ പൂട്ടുമെന്ന് ഉറപ്പിച്ച് ടൊവിനോ: സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി, ആളുടെ വിവരങ്ങള്‍ കിട്ടി
കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവർക്ക് 'പണി'യുമാണ് നടന്‍ ടൊവിനോ. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അപകീർത്തിപ്പെടുത്തുന്നുവെന്ന് ടൊവിനോയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി താരം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നല്‍കുകയായിരുന്നു.
ടൊവിനോയുടെ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും കൊടുത്തിട്ടുണ്ട്. കമ്മീഷണർക്ക് കൊടുത്ത പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. ഇന്ന് രാത്രിയോടെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

നിരന്തരം മോശം പരാമർശം നടത്തി അപമാനിക്കുന്നുവെന്നാണ് താരത്തിന്റെ പരാതിയെന്ന് പൊലീസും വ്യക്തമാക്കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തിയുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചു. ഉടൻ നടപടിയുണ്ടാകും. സൈബർ പൊലീസിന്റെ ഉള്‍പ്പെടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമായ നടികര്‍ തിലകത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടൊവിനോയ്ക്ക് പുറമെ സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരുമുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് നിര്‍മിക്കുന്നത്.
പുഷ്പ - ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മേക്കേഴ്സിന്റെ വൈ. നവീനും വൈ. രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നു. നൂറ്റി ഇരുപത് ദിവസത്തോളം ചിത്രീകരണം നീളുന്ന ചിത്രത്തിന്റെ ബജറ്റ് വരുന്നത് നാല്‍പത് കോടിയോളമാണെന്നാണ് റിപ്പോർട്ട്. മൈത്രി മൂവി മേക്കേഴ്സ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത് ഇത് ആദ്യമാണ്.
2018 ആയിരുന്നു ടൊവിനോ അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം. സൂപ്പർ ഹിറ്റായ ചിത്രത്തിന് പിന്നാലെ നടികര്‍ തിലകം ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് ടൊവിനോയുടേതായി വരാനിരിക്കുന്നത്.നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്‍റെ രണ്ടാം മോഷണം, നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്‍റെ അന്വേഷിപ്പിന്‍ കണ്ടെത്തും, ബിജുകുമാര്‍ ദാമോദരന്‍റെ അദൃശ്യ ജാലകങ്ങള്‍ തുടങ്ങിയവയാണ് ടൊവിനോയുടെ മറ്റ് ചിത്രങ്ങള്‍.












Click it and Unblock the Notifications