മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത കേസിലെ മുഖ്യ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
കൊച്ചി: ടൊവിനോ തോമസ് - ബേസില്‍ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്ത കേസിലെ മുഖ്യ പ്രതി മലയാറ്റൂര്‍ കാടപ്പാറ ചെത്തിക്കാട്ട് വീട്ടില്‍ രതീഷ് എന്ന കാര രതീഷിനെ (38) കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി മണപ്പുറത്ത് സിനിമ ചിത്രീകരണത്തിനായി നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയിലുള്ള സെറ്റാണ് രതീഷും സംഘവും തകര്‍ത്തിരുന്നത്. 2020 മേയ് മാസത്തിലായിരുന്നു സംഭവ.ം ഇതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രതീഷ്. എറണാകുളം റൂറല്‍, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പതിമൂന്നോളം കേസുകളില്‍ പ്രതിയാണ് കാര രതീഷ്.
ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തികിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയത്. കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ആയുധ നിയമം, സ്ഫോടക വസ്തുനിയമം തുടങ്ങിയ കേസുകള്‍ കാര രതീഷിനെതിരെയുണ്ട്. കാലടി സനല്‍ വധക്കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ശേഷമാണ് മണപ്പുറത്ത് സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ കാര രതീഷ് ഒന്നാം പ്രതിയായത്. തുടര്‍ന്ന് 2020 ല്‍ ഗുണ്ട നിയമപ്രകാരം ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ കാലടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ കാപ്പ നിയമപ്രകാരം 42 പേരെ ജയിലിലടച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 31 പേരെ നാടു കടത്തി. മുന്‍കാല കുറ്റവാളികളേയും, തുടര്‍ച്ചയായി സമാധാന ലംഘനം നടത്തുന്നവരേയും നിരീക്ഷിച്ച് വരികയാണെന്നും, ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എസ്പി കെ കാര്‍ത്തിക് അറിയിച്ചു.

ലോക്ക്ഡൗണ്‍ കാരണം ചിത്രീകരണം മുടങ്ങിയിരുന്ന മിന്നല്‍ മുരളിയുടെ സെറ്റ് അടിച്ച് തകര്‍ത്തവരില്‍ ഏറിയ പങ്കും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്റെയും ബജ്‌രംഗദളിന്റെയും പ്രവര്‍ത്തകരായിരുന്നു. ശിവരാത്രി മഹോത്സവം നടക്കുന്ന ആലുവ മണപ്പുറത്ത് ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് പൊളിച്ചുമാറ്റാതെ ദിവസങ്ങളോളം വെച്ചു എന്നാരോപിച്ചാണ് അക്രമി സംഘം സെറ്റ് തകര്‍ത്തത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവര്‍ തന്നെ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

സംഭവത്തില്‍ മിന്നല്‍ മുരളിയുടെ നിര്‍മ്മാതാവ് സോഫിയാ പോളിന് വേണ്ടി ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കിയത്. മലയാള സിനിമാലോകം മുഴുവന്‍ ഈ അക്രമത്തെ ശക്തമായ ഭാഷയിലാണ് അപലപിച്ചിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. സെറ്റ് തകര്‍ത്തതിന് പിന്നില്‍ വര്‍ഗീയ വാദികളാണെന്ന് നടന്‍ ടൊവിനോ തോമസും പറഞ്ഞിരുന്നു. മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും സെറ്റ് പൊളിച്ച വിഷയത്തില്‍ എതിര്‍പ്പ് അറിയിച്ചു.
Recommended Video

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചും സംസ്ഥാന കൃഷി വകുപ്പിന്റെയും കാലടി ഗ്രാമ പഞ്ചായത്തിന്റെയും ക്ഷേത്ര ഭരണ സമിതിയുടെയും അനുവാദം വാങ്ങിയും ക്ഷേത്ര ഭരണസമിതിക്ക് വാടക നല്‍കിയുമാണ് ഈ സ്ഥലത്ത് സെറ്റ് നിര്‍മ്മിച്ചതെന്ന് ചലച്ചിത്ര തൊഴിലാളികളുടെ ട്രേഡ് യൂണിയനായ ഫെഫ്കയും വ്യക്തമാക്കിയിരുന്നു. 'ഗോദ'ക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും ഒന്നിച്ച ചിത്രമാണ് 'മിന്നല്‍ മുരളി'. ടൊവിനോ തോമസ് സൂപ്പര്‍ഹീറോ ആയി എത്തിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. കൊവിഡ് പ്രതിസന്ധി കാരണം ഒ ടി ടി റിലീസ് ആയാണ് ചിത്രമെത്തിയത്.












Click it and Unblock the Notifications