'ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ട്രെയിനിൽ സുഖയാത്ര'; വീഡിയോ പങ്കുവെച്ച് കെകെ രമ എംഎൽഎ
കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ട്രെയിൻ യാത്ര വീഡിയോ പങ്കുവെച്ച് കെ കെ രമ എം എൽ എ. വിയ്യൂരിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കയ്യാമം പോലും വെക്കാതെ പ്രതികളെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് എംഎൽഎ പങ്കിട്ടത്. ടിപി കേസ് പ്രധാന പ്രതി കൊടി സുനി, ഒപ്പം മറ്റൊരു പ്രതിയായ അനൂപ് എന്നിവരാണ് ദൃശ്യങ്ങളിൽ ഉള്ളത്.
കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടമെന്ന് വീഡിയോ പങ്കുവെച്ച് എം എൽ എ കുറ്റപ്പെടുത്തി. 'ക്രിമിനലുകളായ ഇവരെ ശിക്ഷയിൽ ഇളവു നൽകി വിട്ടയക്കാൻ പോലും മുതിർന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പും', എം എൽ എ ഫേസ്ബുക്കിൽ കുറിച്ചു.

'ടി പി വധക്കേസിലെ പ്രതികൾക്ക് ഇടതു സർക്കാർ നൽകിവരുന്ന വി.ഐ.പി പരിഗണനകൾ എത്രയോ തവണ പുറത്തു വന്നതാണ്. ഇപ്പോഴിതാ ഈയൊരു വീഡിയോയും പുറത്തു വന്നിരിക്കുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണിത്. കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പോലിസ് ഈ കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത്. ഒപ്പം മറ്റൊരു പ്രതിയായ എം.സി അനൂപുമുണ്ട്. അനൂപിനെതിരെ കഴിഞ്ഞ ദിവസം കണ്ണവം പോലിസ് 489/23 നമ്പർ പ്രകാരം ഒരു കേസ് റജിസ്ട്രർ ചെയ്തിട്ടുണ്ട്.
ഇയാൾ പരോളിൽ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റകൃത്യത്തിനാണോ ഈ പുതിയ എഫ് ഐ ആർ?
പരോളിൽ ഇറങ്ങിയ പ്രതിക്കെതിരെ പുതിയ കേസിൽ എഫ് ഐ ആർ ഇട്ടിട്ടും ഇയാൾ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത്? കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഈ ഭരണകൂടം. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയിൽ ഇളവു നൽകി വിട്ടയക്കാൻ പോലും മുതിർന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകൾക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പും












Click it and Unblock the Notifications