രമ നിരാഹാര സമരത്തില്‍, വിഎസ് പ്രതിരോധത്തില്‍
തിരുവനന്തപുരം: ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വിധവ കെകെ രമ സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് (03-02-2014, തിങ്കള്‍) മുതല്‍ അനിശ്ചിത കാല നിരാഹാരാസമരം നടത്തുന്നു. കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ താന്‍ മരണം വരെ നിരാഹാരമിരിക്കുമെന്ന് രമ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രമയുടെ നിരാഹാരം സമരം തുടങ്ങുമ്പോള്‍ പ്രതിരോധത്തിലാകുന്നത് വിഎസ് അച്യുതാനന്തനാണ്. കെകെ രമ നടത്തുന്ന നിരാഹാര സമരത്തിന് പരസ്യമായി വിഎസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രമയെയും ആര്‍ എംപി പ്രവര്‍ത്തകരെയും തിരുവനന്തപുരത്തേക്ക് യാത്രയയ്ക്കുമ്പോള്‍ തങ്ങളുടെ സമരത്തെ അഭിവാദ്യം ചെയ്യാന്‍ വിഎസ് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി രമ പറഞ്ഞിരുന്നു.

പാര്‍ട്ടിക്ക് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നതിന് വിഎസിനെ നേരത്തെയും സിപിഎം കേന്ദ്ര നേതൃത്വം വിലക്കിയിട്ടുണ്ട്. ഇവിടെ ആരോപണം നേരിടുന്നത് സിപിഎമ്മാണ്. പാര്‍ട്ടിയുടെ ശക്തമായ സമ്മര്‍ദ്ദത്തിനിടയില്‍ രമയുടെ പ്രതീക്ഷയെയും വിശ്വാസത്തെയും സംരക്ഷിക്കേണ്ട ബാധ്യതയും വിഎസിനുണ്ട്. ഇക്കാര്യത്തില്‍ വിഎസ് എന്ത് തീരുമാനം എടുക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തുന്ന കേരള രക്ഷാമാര്‍ച്ചിനും രമയുടെ സമരം തിരിച്ചിടിയായേക്കും. സെക്രട്ടറിയേറ്റിന് മുന്നില്‍ രമ അനിശ്ചിത കാല സമരം നടത്തുമ്പോള്‍ മാധ്യമ ശ്രദ്ധമുഴുവന്‍ അങ്ങോട്ട് തിരിയുകയാണ്.
ഇതിനിടയില്‍ രമയെക്ക് പൂര്‍ണ പിന്തുണയുമായി യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആകാമെന്ന് സര്‍ക്കാറിന് കഴിഞ്ഞ ദിവസം നിയമോപദേശം ലഭിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉചിതമായി നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എത്രയും പെട്ടന്ന് ഉചിതമായ തീരുമാനമെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ വിഎം സുധീരന്‍, ബിന്ദു കൃഷ്ണ, വയലാര്‍ രവി തുടങ്ങിയവരും ആവശ്യപ്പെട്ടു.












Click it and Unblock the Notifications