പതിനൊന്ന് മാസത്തെ നിയമപോരാട്ടം;സെന്‍കുമാര്‍ വീണ്ടും പോലീസ് മേധാവിയുടെ കസേരയില്‍....
വൈകീട്ട് 4.30ന് പോലീസ് ആസ്ഥാനത്തെത്തിയാണ് ചുമതല ഏറ്റെടുത്തത്.
തിരുവനന്തപുരം: പതിനൊന്ന് മാസത്തെ നിയമപോരാട്ടത്തിന് ശേഷം ടിപി സെന്‍കുമാര്‍ വീണ്ടും സംസ്ഥാന പോലീസ് മേധാവിയുടെ ചുമതലയേറ്റെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നിയമന ഉത്തരവ് കൈപ്പറ്റിയ അദ്ദേഹം, വൈകീട്ട് 4.30ന് പോലീസ് ആസ്ഥാനത്തെത്തിയാണ് ചുമതല ഏറ്റെടുത്തത്.
വൈകീട്ട് നാലേകാലോടെ പോലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. ശേഷം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഇതിന് ശേഷമാണ് പോലീസ് ആസ്ഥാനത്തെ ഓഫീസിലെത്തി ഡിജിപി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്നും സ്ഥാനമേറ്റെടുത്തത്. സെന്‍കുമാറിന് ബാറ്റണ്‍ കൈമാറിയ ബെഹ്‌റ അദ്ദേഹത്തെ പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്. സ്ഥാനമൊഴിയുന്ന ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി ചുമതലയേല്‍ക്കും.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയാണ് പോലീസ് മേധാവി സ്ഥാനത്ത് നിന്നും ടിപി സെന്‍കുമാറിനെ ഒഴിവാക്കുന്നത്. ജിഷവധക്കേസ്, പുറ്റിങ്ങല്‍ ദുരന്തം എന്നീ കേസുകളില്‍ വീഴ്ച സംഭവിച്ചു എന്നാരോപിച്ചാണ് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍കുമാര്‍ ആദ്യം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും തിരിച്ചടി നേരിട്ടു. പിന്നീട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അദ്ദേഹത്തിന് അനുകൂലമായ വിധി ലഭിച്ചത്. സെന്‍കുമാറിനെ ഉടന്‍ പോലീസ് മേധാവി സ്ഥാനത്ത് തിരികെ നിയമിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications