കേരളത്തിൽ 8 ജില്ലകളിൽ ടിപിആർ കൂടുതൽ, ഇളവുകളിൽ ജാഗ്രത പുലർത്തണം;മുന്നറിയിപ്പുമായി കേന്ദ്രം
തിരുവനന്തപുരം; കൊവിഡ് നിയന്ത്രണങ്ങളിൽ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.ലോക്ക് ഡൗൺ ഇളവുകൾ നൽകുന്നത് ജാഗ്രതയോടെ വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. സംസ്ഥാനത്ത് 8 ജില്ലകളിൽ ടിപിആർ ഉയർന്ന നിലയിലാണ്. ഇവിടങ്ങളിൽ പ്രത്യേകം കരുതൽ വേണമെന്നും സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി വ്യക്തമാക്കി.
കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ കേരളത്തിൽ ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയിരുന്നു. എന്നാൽ നിലവിൽ കേസുകൾ കൂടി വരികയാണ്. ജാഗ്രത പുലർത്തിയില്ലേങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും സെക്രട്ടറിയുടെ കത്തിൽ പറയുന്നു.

ജില്ലാ തലത്തിലും താഴെ തലത്തിലും നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടതുണ്ട്. പരിശോധന, കണ്ടെത്തൽ, ചികിത്സ എന്നിവയ്ക്കൊപ്പം പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കാനും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാനും കത്തിൽ വ്യക്തമാക്കുന്നു. അതേസമയം കേരളത്തിന് പുറമെ രാജസ്ഥാൻ , മണിപ്പൂർ, പുതുച്ചേരി, ഒഡീഷ്, സിക്കിം, ബംഗാൾ, നാഗാലാന്റ്, അരുണാചൽ പ്രദേശ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽ രാജ്യത്താകെ ചികിത്സയിലുള്ളവരുടെ എണ്ണം 5,37,064 ആയി കുറഞ്ഞിട്ടുണ്ട്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.77 ശതമാനം പേരാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുകയാണ്,നിലവില്‍ ഇത് 2.69 ശതമാനമാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.34 ശതമാനമാണ്.












Click it and Unblock the Notifications