ഹർത്താലിനോട് മുഖം തിരിച്ച് വ്യാപാരികൾ; കോഴിക്കോടും കൊച്ചിയിലും കൊല്ലത്തും കടകൾ തുറന്നു
കോഴിക്കോട്: ശബരിമല യുവതിപ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനോട് മുഖം തിരിച്ച് വ്യാപാരികൾ. ഹർത്താൽ ദിവസം കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെ 96 സംഘടനകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പ്രകടനം നടത്തിയ വ്യാപാരികൾ പലയിടത്തും അടഞ്ഞുകിടന്ന കടകൾ തുറപ്പിച്ചു.
കോഴിക്കോട് മിഠായിത്തെരുവിലും, കൊല്ലത്തും , കൊച്ചിയിലും ഹർത്താലിനെ വെല്ലുവിളിച്ച് വ്യാപാരികൾ കടകൾ തുറന്നു. കടകൾ തുറന്നാൽ സംരക്ഷണം നൽകാമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പോലീസ് സംരക്ഷണയിലാണ് കടകൾ തുറന്ന് പ്രവർത്തിക്കുന്നത്. കച്ചവടം ലഭിക്കാനല്ല ഹർത്താലിനോടുള്ള പ്രതിഷേധം എന്ന നിലയിലാണ് കടകൾ തുറന്നതെന്ന് വ്യാപാരികൾ പറയുന്നു.

കൊല്ലം പള്ളിമുക്കിൽ വ്യാപാരികൾ കടകൾ തുറന്നതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ എത്തിയതോടെ സ്ഥലത്ത് സംഘർഷം ഉണ്ടായി. മിഠായിത്തെരുവിൽ തുറന്ന കടകൾക്ക് നേരെ കല്ലേറുണ്ടായി. അടച്ചിട്ട കടകൾക്ക് നേരെയും ആക്രമണം ഉണ്ടായി. കൊച്ചിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ അടച്ചിട്ട കടകൾ തുറപ്പിച്ചു. തിരുവനന്തപുരം നഗരത്തിൽ ഭൂരിഭാഗം കടകളും അടഞ്ഞുകിടക്കുകയാണ്.
ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമമാണ് നടക്കുന്നത്. വിവിധ ഇടങ്ങളിൽ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. മലപ്പുറം തവനൂരിൽ സിപിഎം ഓഫീസ് തീയിട്ടു നശിപ്പിച്ചു. മറ്റു പലയിടത്തും സിപിഎം ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി.












Click it and Unblock the Notifications