ഷൊർണൂരില്‍ ട്രെയിന്‍ തട്ടി നാലുപേർ മരിച്ചു: അപകടത്തില്‍പ്പെട്ടത് റെയില്‍വേയിലെ കരാർ തൊഴിലാളികള്‍
പാലക്കാട്: ഷൊർണൂരില്‍ ട്രെയിന്‍ തട്ടി നാല് തൊഴിലാളികള്‍ മരിച്ചു. റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം നീക്കം ചെയ്യുകയായിരുന്നവരാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശികളായ ലക്ഷ്മണൻ, റാണി, വള്ളി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. റെയില്‍വേയിലെ കരാർ തൊഴിലാളികളായിരുന്നു ഇവർ. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസാണ് തട്ടിയത്.
ഷൊർണൂർ പാലത്തില്‍ വച്ച് റെയില്‍ വേ ട്രാക്കിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു ഇവർ. ഷൊർണൂർ പാലത്തില്‍ വെച്ച് റെയില്‍വേ ട്രാക്കിലെ മാലിന്യങ്ങള്‍ നീക്കുകയായിരുന്ന തൊഴിലാളികള്‍ ട്രെയിന്‍ വരുന്നത് അറിയാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. ഒരാള്‍ ട്രെയിന്‍ തട്ടി പുഴയില്‍ വീണു. ഇദ്ദേഹത്തെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

പൊലീസും അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരുമുൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി നടത്തിയ തിരച്ചില്‍ തുടരുകയാണ്. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ് നടപടികള്‍ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മരിച്ചത് തമിഴ്നാട് വിഴുപുറം സ്വദേശികളാണെന്നും പൊലീസ് വ്യക്തമാക്കുന്നു. സമീപത്തെ സ്റ്റേഷനില്‍ കേരള എക്സ്പ്രസിന് സ്റ്റോപ്പില്ല. അതുകൊണ്ട് തന്നെ ട്രെയിന്‍ അതിവേഗത്തിലായിരിക്കും വന്നിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. ട്രെയിന്‍ വരുമ്പോള്‍ റെയില്‍ വേ ജീവനക്കാർക്കും മറ്റും കയറി നില്‍ക്കാനായി പാലത്തില്‍ ഇടമുണ്ടെങ്കിലും വേഗത്തില്‍ ട്രെയിന്‍ വന്നപ്പോള്‍ സുരക്ഷിതമായ ഇടത്തേക്ക് മാറിനില്‍ക്കാന്‍ സാധിച്ചില്ലെന്നാണ് വിലയിരുത്തുന്നത്.
സാധാരണ ഗതിയില്‍ റെയില്‍ വേ ക്രോസ് പാലത്തിലേക്ക് കടക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. സിഗ്നല്‍ പ്രകാരം ട്രെയിന്‍ വരുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതാകാം അപകടത്തിനിടയാക്കിയതെന്നാണ് റെയില്‍ വേ പൊലീസും പറയുന്നത്.
അതിദാരുണമായ ഒരു അപകടമാണ് ഉണ്ടായിരിക്കുന്നതെന്ന് വികെ ശ്രീകണ്ഠന്‍ എംപിയും പ്രതികരിച്ചു. സ്ഥിരമായി അപകടം നടക്കുന്ന പ്രദേശമൊന്നുമല്ല. ആർ പി എഫും പൊലീസും അടക്കമുള്ള എല്ലാ സന്നാഹങ്ങളും അവിടെ എത്തിയിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു അപകടം ഉണ്ടായതെന്ന് അറിയാന്‍ പാലക്കാട് നിന്നും ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ അവിടേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും വികെ ശ്രീകണ്ഠന്‍ പറയുന്നു.
ട്രാക്കി ക്ലീനിങ് തൊഴിലാളികള്‍ക്ക് ട്രെയിന്‍ വരുന്ന സമയമൊക്കെ കൃത്യമായി അറിയുന്നവരാണ്. അവർ സ്ഥിരമായി ചെയ്യുന്ന പ്രവർത്തിയാണ്. എന്താണ് ഇവിടെ സംഭവിച്ചതെന്ന് അറിയില്ല. ഇതിന്റെ വിശദാംശങ്ങള്‍ റെയില്‍വേ സേഫ്റ്റി വിഭാഗം അന്വേഷിക്കുന്നുണ്ട്. അതിന് ശേഷം മാത്രമേ കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications