Renu Raj Wayanad Collector: രേണുരാജ് എറണാകുളത്ത് നിന്ന് വയനാട്ടിലേക്ക്: 5 കളക്ടർമാർക്ക് സ്ഥലം മാറ്റം
ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ അനു കുമാരിക്ക് ഐടി മിഷൻ ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കിയും ഉത്തരവായി

തിരുവനന്തപുരം: എറണാകുളം കളക്ടർ രേണു രാജ് ഐ എ എസ് ഉള്‍പ്പടെ വിവിധ ജില്ലകളിലെ കളക്ടർ മാരെ സ്ഥലം മാറ്റി സർക്കാർ. രേണുരാജിനെ വയാനാട് ജില്ലയിലേക്കാണ് മാറ്റി സ്ഥാപിച്ചത്. ബ്രഹ്മപുരം തീപ്പിടുത്തതില്‍ വലിയ വിമർശനം നേരിട്ടുകൊണ്ടിരിക്കെയാണ് രേണുരാജിനെതിരായ നടപടി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍.
കോഴിക്കോട് ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് സാംമ്പശിവ റാവുവിനെ മാറ്റി വയനാട് കളക്ടര്‍ എ.ഗീതയെ കോഴിക്കോട് കളക്ടറായി നിയമിച്ചു. തൃശൂർ കളക്ടറായ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ഹരിത വി കുമാറിന് പകരം ആലപ്പുഴ കളക്ടർ വൈആർ കൃഷ്ണ തേജയെ തൃശൂർ കളക്ടറായി മാറ്റി നിയമിച്ചു. ഐടി മിഷൻ ഡയറക്ടര്‍ സ്നേഹിൽ കുമാര്‍ സിംഗിനെ ആ പദവിയില്‍ നിന്നും മാറ്റി ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാക്കി നിയമിച്ചു.
ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ അനു കുമാരിക്ക് ഐടി മിഷൻ ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കിയും ഉത്തരവായി. അനുകുമാരിക്ക് പകരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നൽകി. ധനവകുപ്പിൽ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള മൊഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഇ - ഹെൽത്ത് പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല നൽകി.

അതേസമയം, ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെയാണ് എറണാകുളം കളക്ടർക്ക് സ്ഥാനമാറ്റമുണ്ടായത് നടപടിയാണെന്ന തരത്തിലും റിപ്പോർട്ടുകള്‍ വരുന്നുണ്ട്. തീപ്പിടുത്ത വിഷയത്തില്‍ കളക്ടര്‍ രേണു രാജിനോട് ബുധനാഴ്ച കോടതിയില്‍ എത്താന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. വിഷയത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതിയുടെ ഡിവിഷന്‍ ബെഞ്ച്.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്.
അതേസമയം, തീ അണയ്ക്കാനുള്ള ശ്രമം ഏഴാം ദിവസവും തുടരുകയാണ്. കൂടുതല്‍ മണ്ണ് നീക്കല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യം നാല് മീറ്റര്‍ വരെ താഴ്ചയില്‍ നീക്കി പുക ഉയരുന്ന സ്ഥലത്ത് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുന്ന പ്രവർത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി കഴിയാവുന്നത്ര മണ്ണ് നീക്കി യന്ത്രങ്ങള്‍ പിടിച്ചെടുത്ത് ബ്രഹ്‌മപുരത്തെത്തിക്കാന്‍ ജില്ലാ കളക്ടര്‍ തഹസില്‍ദാർമാർക്ക് നിർദേശം നല്‍കി. നിലവില്‍ മുപ്പതോളം മണ്ണ് മാന്തി യന്ത്രങ്ങള്‍ സ്ഥലത്തുണ്ട്.












Click it and Unblock the Notifications