ആലപ്പുഴയില്‍ നഗ്ന വീഡിയോ പകര്‍ത്തിയത് വനിതാ എഎസ്‌ഐ? സസ്‌പെന്‍ഷന്‍, പ്രചരിപ്പിച്ചവരെ തേടുന്നു
ആലപ്പുഴ: ട്രാന്‍സ്‌ജെന്ററുടെ നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വനിതാ എഎസ്‌ഐക്കെതിരേ നടപടി. ആലപ്പുഴ വനിതാ ഹെല്‍പ്പ്‌ലൈന്‍ എഎസ്‌ഐ ആര്‍ ശ്രീലതയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്ററിന്റെ വീഡിയോ പകര്‍ത്തിയതാണ് വനിതാ എഎസ്‌ഐക്കെതിരെ നടപടിയെക്കാന്‍ കാരണമെന്ന് അറിയുന്നു.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം സൈബര്‍ സെല്‍ നടത്തുന്നുണ്ട്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായിരുന്നു. തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ റിപ്പോര്‍ട്ട് തേടിയത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വനിതാ എഎസ്‌ഐയെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. സംസ്ഥാനത്ത് പോലീസ് അതിക്രമം വര്‍ധിച്ചുവെന് ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് വിവാദമായ സംഭവം ആലപ്പുഴയിലുണ്ടായത്. വീഡിയോ പകര്‍ത്തിയത് പോലീസുകാര്‍ തന്നെയാണെന്ന ബോധ്യമായിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ഐടി നിയമ പ്രകാരവും നഗ്നദൃശ്യം പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.
കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്ററുടെ വീഡിയോയാണ് പ്രചരിക്കുന്നത്. സ്റ്റേഷനകത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ ഇതു സംബന്ധിച്ച് അറിയില്ലെന്നാണ് പോലീസ് ആദ്യം പ്രതികരിച്ചത്. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
മദ്യപിച്ച് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്നാരോപിച്ച് മൂന്ന് ദിവസം മുമ്പാണ് ട്രാന്‍സ്‌ജെന്ററിനെ ഇരുമ്പ് പാലത്തിന് സമീപം നിന്ന് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതേ ട്രാന്‍സ്‌ജെന്ററിന്റെ നഗ്ന വീഡിയോയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. മദ്യപിച്ച് ലക്കുകെട്ട സ്ത്രീയെന്ന നിലയിലാണ് വീഡിയോ പ്രചരിപ്പിച്ചത്.
സ്ത്രീയെന്ന് കരുതിയാണ് കസ്റ്റഡിയില്‍ എടുത്തതെന്നും ചുരുദാര്‍ ധരിച്ചാണ് അവരെ കണ്ടിരുന്നതെന്നും പോലീസുകാര്‍ പറഞ്ഞു. ചിത്രീകരിച്ചത് സ്റ്റേഷനകത്ത് വച്ചാണെന്ന് വീഡിയോയില്‍ വ്യക്തം. വീഡിയോയില്‍ പോലീസുകാരെയും കാണാം. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌ജെന്റര്‍ ജസ്റ്റിസ് ബോര്‍ഡ് വ്യക്തമാക്കി.












Click it and Unblock the Notifications