കെഎസ്ആർടിസി ബസ് 'പ്രസവമുറിയായി'! വയനാട്ടിൽ ആദിവാസി യുവതിക്ക് ബസിനുള്ളിൽ സുഖപ്രസവം...
ഗർഭിണിയായിരുന്ന കവിതയെ രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Recommended Video

കൽപ്പറ്റ: ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആദിവാസി യുവതി കെഎസ്‍ആർടിസി ബസിനുള്ളിൽ പ്രസവിച്ചു. വയനാട് കാരാപ്പുഴ നെല്ലാറച്ചാൽ വില്ലൂന്നി കോളനിയിലെ ബിജുവിന്റെ ഭാര്യയായ കവിതയാണ് കോഴിക്കോട്-ബത്തേരി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ് കൽപ്പറ്റയിൽ എത്തിയപ്പോഴാണ് യുവതി പ്രസവിച്ചത്.
ഗർഭിണിയായിരുന്ന കവിതയെ രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് രണ്ടാഴ്ചയിലേറെ ചികിത്സയിൽ കഴിഞ്ഞ യുവതി വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയാണ് പ്രസവം നടന്നത്. പ്രസവസമയത്ത് കവിതയുടെ ഭർത്താവ് ബിജുവും അമ്മയും സഹോദരിയും കൂടെയുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഇവർ നാലുപേരും കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ബസിൽ കയറിയത്.

ബസിലെ പിൻനിരയിലെ സീറ്റിലായിരുന്നു ഗർഭിണിയായ കവിതയടക്കം നാലുപേരും ഇരുന്നിരുന്നത്. ബസ് വൈത്തിരി പിന്നിട്ടത് മുതൽ കവിതയ്ക്ക് പ്രസവവേദന അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് കൽപ്പറ്റ കെഎസ്ആർടിസി ഗാരജിന് സമീപത്ത് എത്തിയപ്പോഴേക്കും യുവതി പ്രസവിക്കുകയും ചെയ്തു. പിന്നീട് ഇതേ ബസിൽ തന്നെ യുവതിയെയും കുഞ്ഞിനെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന് തൂക്കക്കുറവുണ്ടെങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിവരം. അതേസമയം, മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി ഡോക്ടർമാരുടെ അനുമതി കൂടാതെയാണ് ആശുപത്രി വിട്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്.












Click it and Unblock the Notifications