'പ്രളയകാലത്ത് താങ്ങായി ഉണ്ടായിരുന്നവൻ, സ്വന്തം സഹോദരൻ', മരിച്ച മലയാളി സൈനികൻ പ്രദീപിന് ആദരാജ്ഞലി
തൃശൂർ: ഹെലികോപ്റ്റർ ദുരന്തത്തിൽ മലയാളികൾക്ക് വേദനയായി തൃശൂർ സ്വദേശിയായ സൈനികൻ എ പ്രദീപിന്റെ മരണം. ജനറൽ ബിപിൻ റാവത്ത് അടക്കം കൊല്ലപ്പെട്ട അപകടത്തിൽ പ്രദീപും ഓർമ്മയായി. പ്രളയകാലത്ത് അടക്കം സേവനവുമായി എത്തിയ സൈനികനാണ് മരണപ്പെട്ട പ്രദീപ്. തൃശൂരിലെ പുത്തൂർ സ്വദേശിയാണ്. പ്രദീപിന്റെ വിടവാങ്ങലിൽ മന്ത്രിമാർ അടക്കമുളളവർ അനുശോചിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അനുശോചനക്കുറിപ്പ്: '' സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ കൂടെ ഒരു മലയാളി കൂടിയുണ്ടായിരുന്നു. ശ്രീ.എ.പ്രദീപ്... വിടവാങ്ങൽ ഓർമക്കനൽ ആണ്. അതങ്ങനെ നീറി നീറി നിൽക്കും. പ്രളയ കാലത്ത് നമ്മോടൊപ്പം താങ്ങായി ഉണ്ടായിരുന്നവൻ. സ്വന്തം സഹോദരൻ. ധീരരാണ് നമ്മെ വിട്ടുപിരിഞ്ഞ പ്രദീപ് അടക്കമുള്ളവർ. രാജ്യം എക്കാലവും ഓർക്കുന്നവർ...''

പ്രദീപിന്റെ മരണത്തിൽ മന്ത്രി കെ രാജനും അനുശോചിച്ചു. '' ഊട്ടി കുനൂരിലെ വ്യോമസേന ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഒല്ലൂർ മണ്ഡലത്തിലെ പുത്തൂർ പഞ്ചായത്തിലെ പൊന്നൂക്കര സ്വദേശി വ്യോമസേന വാറന്റ് ഓഫീസർ ശ്രീ പ്രദീപിന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തുന്നു. ദീപ്തമായ മനുഷ്യ സ്നേഹത്തിന്റെ അടയാളം കൂടിയായിരുന്നു പ്രദീപ്. കേരളം മഹാപ്രളയത്തെ നേരിട്ടപ്പോൾ രക്ഷാപ്രവർത്തനത്തിനായി സ്വയം സന്നദ്ധമായി ഇറങ്ങി വന്ന ഓഫീസറായിരുന്നു പ്രദീപ്. കേരളം എന്നും നന്ദിയോടെ ഓർക്കുന്ന പേരായിരിക്കും പ്രദീപിന്റേത്.
2004 ൽ വ്യോമസേനയിൽ ജീവിതം ആരംഭിച്ച പ്രദിപ് ഇന്ത്യയിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധിയായ വ്യോമസേനാ മിഷനുകളിലും അദ്ദേഹം പങ്കാളിയായി. അവസാന യാത്ര സംയുക്ത സേന മേധാവിയുടെ ഫ്ലൈറ്റ് ഗണ്ണർ ആയി സേവനമനുഷ്ഠിക്കുമ്പോഴാണ്. കുടുംബത്തിന് മാത്രമല്ല ഒരു സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തിയാണ് പ്രദീപ് വിട നൽകുന്നത്. പ്രദീപിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഭാര്യ ശ്രീലക്ഷ്മിയുടേയും മാതാപിതാക്കളുടേയും മറ്റു കുടുംബാംഗങ്ങളുടേയും ദുഖത്തിൽ പങ്ക് ചേരുന്നു''.
ടിഎൻ പ്രതാപൻ എംപിയുടെ കുറിപ്പ്: '' ജനറൽ ബിപിൻ റാവത്ത് അടക്കം കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ തൃശൂർ, പുത്തൂർ- പൊന്നൂക്കര സ്വദേശിയായ എ പ്രദീപ് മരണപ്പെട്ടു. ജൂനിയർ വാറണ്ട് ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ധീരനായ പ്രദീപിന് വിട... ''
എഎം ആരിഫ് എംപിയുടെ അനുശോചനക്കുറിപ്പ്: '' സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന അപകടത്തിൽപ്പെട്ട ഹെലികോപ്ടറിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്ന അസി. വാറന്റ് ഓഫീസർ ശ്രീ.എ.പ്രദീപിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്. തൃശ്ശൂർ സ്വദേശിയായ ശ്രീ. പ്രദീപ് 2018 ലെ പ്രളയ സമയത്ത് രക്ഷാപ്രവർത്തന ദൗത്യത്തിൽ സ്വയം സന്നദ്ധനായി ഉത്തരവാദിത്വം ഏറ്റെടുത്ത് കേരളത്തിൽ എത്തിയിരുന്നു. ഈ ദൗത്യത്തിൽ വിജയകരമായി പ്രവർത്തിച്ചതിന് രാഷ്ട്രപതിയുടെയും കേരള സർക്കാരിന്റെയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഉത്തരാഖണ്ഡ് പ്രളയ സമയത്തും സ്തുതർഹ്യമായ സേവനം നടത്തിയ ധീര സൈനികനായിരുന്നു. ശ്രീ. പ്രദീപിന്റെ വിയോഗം സൈന്യത്തിനെന്ന പോലെ കേരളത്തിനും തീരാ നഷ്ടമാണ്. ശ്രീ. പ്രദീപിന്റെ വിയോഗത്തിൽ ദു:ഖാർത്തരായ ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു. പ്രദീപിന്റെ ധീര സ്മരണകൾക്ക് മുന്നിൽ ആദരാജ്ഞലി അർപ്പിക്കുന്നു''.












Click it and Unblock the Notifications