ജനനായകനെ ഒരു നോക്ക് കാണാന്‍.. : 24 മണിക്കൂർ പിന്നിട്ടിട്ടും പുതുപ്പള്ളിയില്‍ എത്താനാവാതെ വിലാപയാത്ര
കോട്ടയം: സാഗരം പോലെ ജനം ഒഴുകിയെത്തിയതോടെ 24 മണിക്കൂർ പിന്നിട്ടിട്ടും പുതുപ്പള്ളിയില്‍ എത്താനാവാതെ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര. ഇന്നലെ രാവിലെ 7.15 ഓടെയായിരുന്നു തിരുവനന്തപുരത്ത് നിന്നും യാത്ര പുറപ്പെടുന്നത് വൈകീട്ട് അഞ്ച് മണിക്ക് തിരുനക്കര മൈതാനത്ത് എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്ന് രാവിലെ ആറ് മണിയോടെ മാത്രമാണ് വിലാപ യാത്രക്ക് കോട്ടയം ജില്ലയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്.
നിലവില്‍ യാത്ര ചങ്ങനാശ്ശേരി പിന്നിട്ടു. ഉമ്മന്‍ ചാണ്ടി ഏറ്റവും കൂടുതല്‍ സഞ്ചരിച്ചിട്ടുണ്ട് തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള എംസി റോഡ് മുഴുവന്‍ ഇന്നലെ ജനസാഗരമായി. ആയിരങ്ങളാണ് തങ്ങളെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ വഴിയില്‍ തടിച്ച് കൂടി നിന്ന്. പാതിരാത്രിയില്‍ പോലും അണമുറിയാതെ ജനം പാതയോരത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു.

വിലാപ യാത്ര പെരുന്നയില്‍ എത്തിയപ്പോള്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായർ ഉമ്മന്‍ ചാണ്ടിക്ക് ആദരം അർപ്പിച്ചു. ഇന്നലെ രാവിലെ രാവിലെ 7.15 ന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും പുറപ്പെട്ട യാത്ര മണിക്കൂറുകളെടുത്താണ് തിരുവനന്തപുരം നഗരത്തിന് പുറത്തേക്ക് എത്തിയത്. 3.20 ന് കൊല്ലം ജില്ലയിലേക്ക് കടന്നപ്പോള്‍ വരവേറ്റ് ആയിരങ്ങളായിരുന്നു. കൊല്ലം പിന്നീട്ട് പത്തനംതിട്ട ജില്ലയിൽ കടന്നത് രാത്രി ഒൻപതോടെ.
കൊട്ടാരക്കരയിലും അടൂരും ചെങ്ങന്നൂരും തുടങ്ങിയ യാത്ര പോയ വഴികളിലൂടനീളം ജനം തടിച്ച് കൂടിയതോടെ പലപ്പോഴും വാഹന വ്യൂഹത്തിന് മുന്നോട്ട് പോവാന്‍ സാധിച്ചില്ല. പൊലീസും നേതാക്കളും പാർട്ടി പ്രവർത്തകരും ഏറെ പണിപ്പെട്ടാണ് വിലാപ യാത്രക്ക് വഴിയൊരുക്കിക്കൊണ്ടിരുന്നത്. ആലപ്പുഴ ജില്ലയിലെ കുളനടയിലെത്തിയപ്പോൾ സമയം രണ്ടര പിന്നിട്ടു. തിരുവല്ലയിൽ വച്ചു വീണ്ടും പത്തനംതിട്ട ജില്ലയുടെ അന്ത്യാഞ്ജലി. ഒടുവില്‍ ചങ്ങനാശ്ശേരിയും കോട്ടയവും കടന്ന ജനയാകന്റെ യാത്ര സ്വന്തം തട്ടകമായി പുതുപ്പള്ളിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
സ്കൂളുകള്‍ക്ക് അവധി
കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications