1000 കോടിയുടെ ചെമ്മീന്‍, 400 കോടിയുടെ പച്ചക്കറികള്‍: ട്രംപിന്റെ തീരുവ നയം കേരളത്തേയും ബാധിക്കും: സിപിഎം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയം കേരളത്തേയും ബാധിക്കുന്ന തരത്തിലേക്ക് എത്തിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കൂടിയ ചുങ്കം ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റ് തീരുമാനിച്ചിരിക്കുകയാണ്. ഈ നിലപാടിനെതിരായി ഒരു സമീപനം സ്വീകരിക്കാൻ അമേരിക്കക്ക് കീഴടങ്ങിയ നിലപാടിന്റെ ഭാഗമായിട്ട് കേന്ദ്ര സർക്കാറിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നാടിൻറെ താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രിക്കോ ഇന്ത്യൻ ഭരണ സംവിധാനത്തിനോ അമേരിക്കക്ക് മുമ്പില്‍ ഒന്നും പറയാൻ ധൈര്യമില്ല എന്നുള്ളതാണ് നമ്മുടെ മുമ്പിലുള്ള ചിത്രം. ഇത് കേരളത്തെ വലിയ രീതിയിൽ ബാധിക്കാൻ പോവുകയാണ് കേരളത്തിൽ നിന്ന് ആയിരം കോടി രൂപയുടെ സമുദ്രോൽപ്പന്നങ്ങൾ വർഷംതോറും അമേരിക്കയിൽ എത്തുന്നുണ്ട്. ഇതിൽ പലതിനും യഥാർത്ഥത്തിൽ തീരുവയില്ല.

അതേപോലെ കേരളത്തിൻറെ കാർഷിക ഉൽപന്നങ്ങള്‍ ഏറ്റവും അധികം വാങ്ങുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. 2024-25 സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 399.97 കോടിയുടെ കാർഷിക ഉൽപന്നങ്ങളാണ് അമേരിക്കയിലേക്ക് കയറ്റി അയച്ചത്. ഇതിന് അമേരിക്ക ചുമത്തുന്ന ശരാശരി ഇറക്കുമതി ചുങ്കം 5.5 ശതമാനം ആയിരുന്നു. പുതിയ അമേരിക്കൻ ചുങ്കത്തെ അടിസ്ഥാനപ്പെടുത്തിയാൽ അത് 37 ശതമാനം ആയിട്ടാണ് വർദ്ധിക്കുക. അതിൻറെ അർത്ഥം അമേരിക്കയിലേക്കുള്ള കയറ്റുമതി ഗണ്യമായി കുറയാൻ പോകുന്നുവെന്നാണെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാണിക്കുന്നു.
ഇത് ഗൗരവമുള്ള കേരളത്തെ ബാധിക്കുന്ന പ്രശ്നമാണ്. ചെമ്മീൻ, കശുവണ്ടി, പച്ചക്കറി, പഴം, അരി തുടങ്ങിയവയിലെ ഏതാണ്ട് 500 കോടി രൂപയുടെ കയറ്റുമതി പ്രതിവർഷം നഷ്ടമാകുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇന്ത്യൻ കയറ്റുമതിയുടെ 20% അമേരിക്കയിലേക്കാണ് എത്തുന്നത് 100ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന അമേരിക്കൻ നയം കനത്ത അഘാതമായിരിക്കും കേരളത്തെ സംബന്ധിച്ചിടത്തോളം സൃഷ്ടിക്കുക. ഇത് മാധ്യമങ്ങൾ ഉൾപ്പെടെ വളരെ ഗൗരവത്തിൽ എടുക്കേണ്ടുന്ന ഒരു പ്രശ്നമാണ്. കാരണം ഗവൺമെന്റ് ഇതിനെതിരായിട്ട് ഒന്നും പറയാൻ ഇതുവരെ തയ്യാറായിട്ടില്ല. ഭരണവർഗ്ഗ പാർട്ടികൾക്കും ഇതിൽ ഒരു താല്പര്യമില്ല ഇതാണ് നമ്മുടെ മുമ്പിലുള്ള സ്ഥിതി
എണ്ണയുമായിട്ട് ബന്ധപ്പെട്ട പ്രശ്നത്തിൽ വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നവർക്ക് 25%വും റഷ്യയിൽ നിന്ന് വാങ്ങുന്നവർക്ക് വേണമെങ്കിൽ 50 ശതമാനം വരെ അധിക ചുങ്കം ചുമത്തുമെന്ന് ട്രമ്പ് ഇപ്പോള്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. മാർച്ചിൽ 69 ഡോളറിലേക്ക് താഴ്ന്ന എണ്ണവില 74.78 ഡോളറിലേക്ക് കുതിച്ചു കയറി. നമുക്ക് ആവശ്യമുള്ള എണ്ണയുടെ 80%വും ഇറക്കുമതി ചെയ്യുകയാണ്. ഇത് ഇന്ത്യക്ക് കനത്ത ആഘാതം ഏൽപ്പിക്കും എന്ന കാര്യത്തിലും സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications