പ്രസവിച്ച് കിടന്ന സ്ത്രീയെ നഴ്‌സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താന്‍ ശ്രമം; യുവതി കസ്റ്റഡിയില്‍
തിരുവല്ല: പ്രസവിച്ച് കിടന്ന യുവതിയെ നഴ്‌സിന്റെ വേഷം ധരിച്ച് കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍. പരുമലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കായംകുളം സ്വദേശിയായ അനുഷ (25) ആണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്.
പുല്ലുകുളങ്ങര സ്വദേശിയായ സ്‌നേഹയെയാണ് അനുഷ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിന്റെ സുഹൃത്താണ് ഈ യുവതിയെന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ച മുമ്പാണ് സ്‌നേഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവത്തിന് ശേഷം വെള്ളിയാഴ്ചയാണ് സ്‌നേഹയെ ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ നിറം മാറ്റമുളള്ളതിനാല്‍ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നില്ല. ഇതോടെ സ്‌നേഹയും അമ്മയും മുറിയില്‍ കാത്തിരിക്കുകയായിരുന്നു.

വൈകീട്ട് അഞ്ചരയോടെയാണ് നഴ്‌സിന്റെ ഓവര്‍കോട്ട് ധരിച്ച് യുവതി ഇവരുടെ മുറിയിലേക്ക് പ്രവേശിച്ചത്. ഡിസ്ചാര്‍ജ് ചെയ്തതല്ലേ, പിന്നെ എന്തിനാണ് കുത്തിവയ്പ്പ് എന്നി ചോദിച്ചപ്പോള്‍ ഒരു കുത്തിവയ്പ്പ് കൂടിയുണ്ടെന്ന് പറയുകയായിരുന്നു. പിന്നാലെ സ്‌നേഹയുടെ കയ്യില്‍ പിടിച്ച് സിറിഞ്ച് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ സിറിഞ്ചില്‍ മരുന്നുണ്ടായിരുന്നില്ല.
ഇവരുടെ പെരുമാറ്റം കണ്ട് അമ്മ ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി പിടിച്ചുമാറ്റി തടഞ്ഞുവയ്ക്കുകയായിരുന്നു. പൊലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ അവര്‍ എത്തി കസ്റ്റഡിയില്‍ എടുക്കുകയാണ് ചെയ്തത്. പൊലീസ് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ.












Click it and Unblock the Notifications