'കാലില്‍ തൊട്ട് മാപ്പ് പറയുന്നു': ആദരാഞ്ജലി കുറിപ്പില്‍ ടിഎസ് രാജുവിനോട് മാപ്പ് പറഞ്ഞ് അജു വർഗീസ്
കൊച്ചി: വ്യാജ വാർത്ത പ്രചരിപ്പിച്ചതില്‍ സിനിമ-സീരിയല്‍ നടന്‍ ടിഎസ് രാജുവിനോട് മാപ്പ് പറഞ്ഞ് അജു വർഗീസ്. ടിഎസ് രാജു അന്തരിച്ചതായുള്ള വ്യാജ വാർത്ത പ്രചരിച്ചതിന് പിന്നാലെ നടന് ആദരാഞ്ജലികള്‍ അർപ്പിച്ച് അജു വർഗീസും സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും സമാനമായ രീതിയില്‍ അനുശോചനക്കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഈ കുറിപ്പുകള്‍ സ്രോതസ്സാക്കി നിരവധി മാധ്യമങ്ങളും ടിഎസ് രാജു അന്തരിച്ചെന്ന തരത്തില്‍ വാർത്ത നല്‍കി.
ഇതോടെയാണ് ടിഎസ് രാജുവിന് തന്നെ 'താന്‍ മരിച്ചിട്ടില്ലെന്ന്' മാധ്യമങ്ങളോട് വിശദീകരിക്കേണ്ടി വന്നത്. 'താൻ പൂർണ്ണ ആരോഗ്യവാനാണ്. ആരാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് എന്ന് അറിയില്ല. ഞാൻ ഇവിടെ വീട്ടിലുണ്ട്. വെളുപ്പിന് ആറുമണിമുതൽ ഫോണിന് വിശ്രമമില്ല' ടിഎസ് രാജു മാധ്യമങ്ങളോടായി പറഞ്ഞു.

വ്യാജ വാർത്ത പങ്കുവെച്ചതില്‍ അജു വർഗീസിനും ഫെഫ്കയ്ക്കുമെതിരായ വിമർശനവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഉയർന്നിരുന്നു. എന്നാല്‍ വ്യാജ വാർത്ത പങ്കുവെക്കേണ്ടി വന്നതിനാല്‍ ടിഎസ് രാജുവിന്റെ കാലില്‍ തൊട്ട് ക്ഷമ ചോദിക്കുന്നതായി അജു വർഗീസ് പിന്നീട് വ്യക്തമാക്കി. ടിഎസ് രാജുവിനെ ഫോണില്‍ വിളിച്ചായിരുന്നു അജു വർഗീസിന്റെ ക്ഷമാപണം.
'ഇത്തരമൊരു വ്യാജ വാർത്ത പങ്കുവെച്ചതില്‍ സാറിന്റെ കാലില്‍ തൊട്ട് ക്ഷമ ചോദിക്കുന്നു. സാറിനെ വലിയ ഇഷ്ടമാണ്. ജോക്കറിലെ ആ ഡയലോഗൊക്കെ ജീവിതത്തില്‍ ഉപയോഗിക്കുന്നയാളാണ് ഞാന്‍. പെട്ടെന്ന് ഇങ്ങനെയൊരു വാർത്ത കണ്ടപ്പോള്‍ വളരെ വിഷമം തോന്നി. അങ്ങനെയാണ് ആ പോസ്റ്റ് ഇടേണ്ടി വന്നത്. ഒരിക്കല്‍ കൂടെ ക്ഷമ ചോദിക്കുന്നു. സാറിന് ഒന്നും സംഭവിച്ചില്ലെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്' അജു വർഗീസ് പറഞ്ഞു.
ഫേസ്ബുക്കില്‍ നിന്നാണ് ഇത്തരമൊരു വിവരം ലഭിച്ചത്. വെറുതെ ഒരു ന്യൂസ് ആയിരുന്നില്ല. സാറിന്റെ അഭിനയിച്ച സിനിമകളെക്കുറിച്ചുള്ള വിശദീകരണണം ഉള്‍പ്പെടെ ചേർത്തുകൊണ്ട് ആത്മമാർത്ഥതയോടെ ഒരു വ്യക്തി അനുശോചനം അറിയിക്കുന്നത് പോലെയുള്ള ഒരു കുറിപ്പായിരുന്നു. അതുകൊണ്ടാണ് ഞാന്‍ വിശ്വസിച്ചത്. ഒരിക്കല്‍ കൂടെ ഒരുപാട് സോറി പറയുന്നുവെന്നും താരം പറഞ്ഞു.
അതേസമയം, തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്നായിരുന്നു ടിഎസ് രാജുവിന്റെ പ്രതികരണം. എനിക്ക് മാനസികമായി യാതൊരു ബുദ്ധിമുട്ടുമില്ല. നാട്ടുകാരേയും മാധ്യമപ്രവർത്തകരേയും ബുദ്ധിമുട്ടിച്ചതിലുള്ള പ്രയാസം മാത്രാമാണുള്ളത്. അവർ എല്ലാം രാവിലെ തന്നെ വീട്ടില്‍ എത്തിയിരുന്നു. അജു വർഗീസിന്റെ പോസ്റ്റാണ് പലരും എനിക്ക് അയച്ച് തന്നത്. ആരു ചെയ്താലും തെറ്റിദ്ധാരണയുടെ പുറത്ത് ചെയ്തതായിരിക്കുമെന്നും ടിഎസ് രാജു കൂട്ടിച്ചേർത്തു.












Click it and Unblock the Notifications