കോൺഗ്രസുമായി വടംവലി തുടരുന്നു; പി സി തോമസിനായി പൂഞ്ഞാർ നോട്ടമിട്ട് ജോസഫ് വിഭാഗം
സ്ഥാനാർഥി നിർണയത്തിന്റെ കാര്യത്തിൽ ഇടതുമുന്നണി ബഹുദൂരം മുന്നോട്ടുപോയിട്ടും ഘടക കക്ഷികൾക്കിടയിലുളള സീറ്റ് വിഭജന തർക്കംപോലും യു.ഡി.എഫിൽ പരിഹരിക്കപ്പെട്ടിട്ടില്ല. തെക്കൻ കേരളത്തിലെ ചില സീറ്റുകളിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി വടംവലി തുടരുകയാണ്. ജയസാധ്യതയുടെ പേരും പറഞ്ഞ് ജോസഫ് വിഭാഗത്തിന്റെ ചില സീറ്റുകൾ കോൺഗ്രസ് നോട്ടമിടുന്നുണ്ട്. വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് തയാറായിട്ടുമില്ല. ഏതെങ്കിലും സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നാൽ പകരം സീറ്റ് വേണമെന്ന ആവശ്യവും പി.ജെ.ജോസഫ് ശക്തമായി ഉന്നയിക്കുന്നുണ്ട്.
ഇക്കാര്യത്തിൽ വിജയ സാധ്യതയെന്ന കോൺഗ്രസിന്റെ അതേ തന്ത്രമാണ് ജോസഫ് വിഭാഗവും തിരിച്ചു പയറ്റുന്നത്. ഏതെങ്കിലും മണ്ഡലം വിട്ടുകൊടുക്കേണ്ടി വന്നാൽ പകരം പൂഞ്ഞാർ നൽകണമെന്നാണ് ജോസഫിന്റെ ആവശ്യം. പൂഞ്ഞാറിൽ കോൺഗ്രസിനേക്കാൾ ജയസാധ്യത തങ്ങൾക്കാണെന്ന അവകാശവാദവും അവർ മുന്നോട്ടുവെക്കുന്നു. മുൻ കേന്ദ്രമന്ത്രിയും പാർട്ടി വർക്കിങ് ചെയർമാനുമായ പി.സി. തോമസിനെ മത്സരിപ്പിക്കാൻ ഉദ്ദേശിച്ചാണ് ഈ നീക്കം.
തൊടുപുഴ, കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ഇടുക്കി, കുട്ടനാട്, കോതമംഗലം, ഇരിങ്ങാലക്കുട, തിരുവല്ല, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ചത്. ഇതിൽ സിറ്റിങ് സീറ്റുകളായ തൊടുപുഴയും കടുത്തുരുത്തിയും ഒഴികെ എല്ലായിടത്തും കോൺഗ്രസ് കണ്ണുവെച്ചിട്ടുണ്ട്. മന്ത്രി വി.എൻ വാസവൻ വീണ്ടും ജനവിധി തേടുന്ന ഏറ്റുമാനൂരും കാൽ നൂറ്റാണ്ടായി മന്ത്രി റോഷി അഗസ്റ്റിന്റെ പിടിയിലുള്ള ഇടുക്കിയുമാണ് ഇതിൽ പ്രധാനം.

കുട്ടനാട്, ചങ്ങനാശ്ശേരി, കോതമംഗലം സീറ്റുകളിലും കോൺഗ്രസ് നോട്ടമിട്ടിട്ടുണ്ട്. റോഷി അഗസ്റ്റിനെ തോൽപ്പിക്കാൻ ജനപിന്തുണയും കഴിവുമുള്ള എതിരാളി ജോസഫ്ഗ്രൂപ്പിൽ ഇല്ലെന്നും കോൺഗ്രസിന് സ്വാധീനമുള്ള ജില്ലയിൽ പാർട്ടി സ്ഥാനാർഥിയെ നിർത്തിയാൽ റോഷിയെ തളക്കാൻ കഴിയുമെന്നുമാണ് ഇടുക്കി സീറ്റിനായി വാദിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനഘട്ടത്തിൽ തന്നെ ഏറ്റുമാനൂർ തങ്ങൾക്ക് പറഞ്ഞുവെച്ചതാണെന്ന വാദവും കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റുമായ ഫിലിപ്പ് ജോസഫ്, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് എന്നിവർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഏറ്റുമാനൂർ നോട്ടമിട്ട് നാളുകളായി സജീവ പ്രവർത്തനങ്ങളിലുമാണ്.
എൽ.ഡി.എഫ് തരംഗം ആഞ്ഞുവീശിയ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പോലും യു.ഡി.എഫിനൊപ്പം നിന്ന മണ്ഡല പരിധിയിലെ അതിരമ്പുഴ ജില്ല പഞ്ചായത്ത് ഡിവിഷനിൽ ജോസഫ് വിഭാഗം ജില്ലാപ്രസിഡന്റ് ജെയ്സൺ ജോസഫ് ഇക്കുറി പരാജയപ്പെട്ടതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ അവകാശവാദം.
ചങ്ങനാശ്ശേരിയിലും ഏത് പാർട്ടി മത്സരിക്കുമെന്ന തർക്കം യു.ഡി.എഫിൽ അവസാനിച്ചിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ചുതോറ്റ ജോസഫ് ഗ്രൂപ്പിലെ വി.ജെ. ലാലിയുടെ പേര് തന്നെയാണ് കേരള കോൺഗ്രസിന്റെ പട്ടികയിൽ മുൻഗണനയിലുള്ളത്. സീറ്റ് തിരിച്ചുപിടിക്കാൻ കോൺഗ്രസ് മത്സരിക്കണമെന്ന വാദം പാർട്ടിക്കുള്ളിൽ ശക്തമാണ്. ജോസി സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മന്റെ പേര് വരെ കോൺഗ്രസുകാർ മുന്നോട്ടുവെക്കുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം നേതാക്കൾ പുതുയുഗ യാത്രയുടെ തിരക്കിലായതിനാലാണ് സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകളൊന്നും എങ്ങുമെത്താത്തത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം പോലും വരാത്തതിനാൽ ഇത് പ്രശ്നമല്ലെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. പുതുയുഗ യാത്ര സമാപിച്ച ശേഷം സീറ്റ് വിഭജനത്തിൽ ഏറെക്കുറെ ധാരണയാകുമെന്നാണു പ്രതീക്ഷ.
എങ്കിലും ചില സീറ്റുകളിൽ കോൺഗ്രസ്- കേരള കോൺഗ്രസ് ജോസഫ് വിഭാഗം വടംവലി പോലെ മുസ്ലിം ലീഗും കോൺഗ്രസും ചില സീറ്റുകൾ വെച്ചുമാറുന്നത് സംബന്ധിച്ചും അന്തിമ തീരുമാനം ആയിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ പോയാൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫല സൂചനകളുടെയും പൊതുരാഷ്ട്രീയ അന്തരീക്ഷത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ നല്ല വിജയസാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലങ്ങൾ പോലും കൈവിട്ടുപോകുമോയെന്ന ആശങ്ക പ്രവർത്തകർക്കിടയിലുമുണ്ട്.
ചില മണ്ഡലങ്ങളിൽ ഘടകകക്ഷികൾക്കിടയിലെ തർക്കം പരിഹരിക്കപ്പെടാതെ നീളുന്നത് താഴേത്തട്ടിൽ ഭിന്നത സൃഷ്ടിക്കാതിരിക്കാനുള്ള ജാഗ്രത നേതാക്കന്മാർ പാലിക്കുന്നുമുണ്ട്. പ്രവർത്തകർക്കിടയിൽ പരസ്പരം അവിശ്വാസം വളരുന്നത് വിജയിക്കാനുള്ള അനുകൂല സാഹചര്യത്തിന് ദോഷം ചെയ്യുമെന്ന തിരിച്ചറിവിലാണ് നേതാക്കൾ.
-
'അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി' എന്ന് പറയുന്ന മുഖ്യമന്ത്രി;വിമർശിച്ച് കെസി വേണുഗോപാൽ -
'നുണേശനാണോ നുണറായിയാണോ കൂടുതൽ .യോജിക്കുന്നതെന്ന് നോക്കാം';വിഡി സതീശൻ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഉമര് ഫൈസിക്കെതിരെ നാസര് ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട -
കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പ്രവചിച്ച് സർവ്വെ, എൻഡിഎ നിർണായക ശക്തിയാകുമെന്ന് -
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്മാര്; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം











Click it and Unblock the Notifications