'ഉമ്മൻചാണ്ടിക്ക് നൽകുന്നത് മഞ്ഞൾ വെള്ളം'; കുടുംബത്തിനെതിരായ ആരോപണം ശക്തമാക്കി സഹോദരൻ
എന്നാൽ ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ് ഉമ്മൻചാണ്ടിയും കുടുംബവും

കോട്ടയം; മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായി ഉമ്മൻചാണ്ടിക്ക് ഭാര്യയും മക്കളും ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം ശക്തമാക്കി സഹോദരൻ അലക്സ് വി ചാണ്ടി. ആയുര്‍വേദ മരുന്നുകളും മഞ്ഞള്‍ വെള്ളവും കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഉമ്മൻചാണ്ടിയുടെ ആരോഗ്യ നില ദിനംപ്രതി വഷളായി വരികയാണെന്നും അടിയന്തരമായി ചികിത്സ നൽകാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് അലക്സ് ഉൾപ്പടേയുള്ളവർ അയച്ച കത്തിൻറെ പൂർണ്ണ രൂപവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഉമ്മൻചാണ്ടിക്ക് ചികിത്സ ലഭ്യമാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. ജർമ്മനിയിലെ ചികിത്സയ്ക്ക്ക് ശേഷം ബെംഗളൂരുവിലാണ് തുടർ ചികിത്സ നൽകിയത്. അവിടുന്ന നാട്ടിലേക്ക് മടങ്ങയിലെങ്കിലും വീണ്ടും ബെംഗളൂരുവിലേക്ക് എത്തണമെന്ന നിർദേശം പാലിച്ചില്ല. മുൻ മുഖ്യമന്ത്രിയും സമുന്നത നേതാവുമായ ഒരു വ്യക്തിക്ക് ചികിത്സ നിഷേധിക്കുന്നത് സംസ്ഥാനത്തിന് തന്നെ അപമാനമാണെന്നും കത്തിൽ പറയുന്നു. കത്തിന്റെ കോപ്പി ആരോഗ്യ മന്ത്രി വീണ ജോർജിനും, സ്പീക്കർ എ എൻ ഷംസീറിനും നൽകിയിരുന്നു. പാർട്ടിയെ അദ്ദേഹത്തിന്റെ ഏതാനും സഹപ്രവർത്തകരും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

അതേസമയം, ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം നിഷേധിച്ച് ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.എന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും, പാർട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്.
അതുകൊണ്ട്, ഒരാൾക്കെതിരെയും നടത്താൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ഇപ്പോൾ നടക്കുന്ന ദുഷ്പ്രചരണം എനിക്കും കുടുംബാംഗങ്ങൾക്കും വലിയ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഞാനിപ്പോഴും കർമ്മമണ്ഡലത്തിൽ തന്നെ സജീവമായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണം എന്റെ ശരീരത്തെ അലട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്. ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിന്റെ നിർദ്ദേശാനുസരണമാണ് എന്റെ ചികിത്സ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിന് പിന്നിൽ അറിഞ്ഞോ, അറിയാതെയോ ഇടപെട്ടിട്ടുള്ളവർ ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങളിൽ നിന്നും പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications