ട്വന്റി-20 ബന്ധം, മൈക്രോ-മൈനോരിറ്റി പദവി വാഗ്ദാനം- ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയുടെ അക്കൗണ്ടിൽ വീഴുമോ?
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും രാഷ്ട്രീയ നിലപാടുകൾക്ക് പുറമേ സാമുദായിക സ്വാധീനങ്ങളും വോട്ടിൽ പ്രതിഫലിക്കാറുണ്ട്. അങ്ങിനെ നോക്കുമ്പോൾ എല്ലാ തെരഞ്ഞെടുപ്പുകളിലുമെന്നപോലെ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിലും ക്രിസ്ത്യൻ വോട്ടുകൾ നിർണായകമാകുകയാണ്. 2011 ലെ സെൻസസ് അനുസരിച്ച്, കേരളത്തിലെ ജനസംഖ്യയിൽ ക്രൈസ്തവ സമൂഹം 18.38 ശതമാനമാണ്. 54.73 ശതമാനം ഹിന്ദുക്കൾക്കും 26.56 ശതമാനം മുസ്‍ലിംകൾക്കും പിന്നിലായി നിർണായക ശക്തിയായി ക്രിസ്ത്യൻ സമൂഹമുണ്ട്.
പണ്ടുകാലത്ത് ക്രിസ്ത്യൻ വോട്ടുകൾ പരമ്പരാഗതമായി യുഡിഎഫിലേക്ക് പോകുന്ന പതിവായിരുന്നു കേരളത്തിൽ. പിന്നീടിതിൽ മാറ്റമുണ്ടാകുകയും ക്രൈസ്തവ സമൂഹത്തിൽ നിന്ന് ശക്തരായ നേതാക്കൾ ഇടതു-വലതു ചേരികളിൽ ഉയർന്നുവരികയും ചെയ്തു. ബിജെപി ദേശീയ തലത്തിൽ വേരുറപ്പിക്കുകയും ഭരണം നിയന്ത്രിക്കുകയും ചെയ്തതോടെ കേരളത്തിലെ ക്രിസ്ത്യൻ വോട്ടുകളും അവരുടെ അക്കൗണ്ടിലേക്ക് പോകുന്ന സ്ഥിതിവിശേഷമുണ്ടായി.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ക്രൈസ്തവരെ ഒപ്പം നിർത്താനുള്ള സംഘപരിവാർ തന്ത്രങ്ങൾ ചുരുങ്ങിയ തോതിലെങ്കിലും ലക്ഷ്യം കണ്ടുവെന്നും പറയാം. എന്നാലിപ്പോൾ വഞ്ചകരെ തിരിച്ചറിയാനുള്ള വിവേകം കൈവരിക്കൂ എന്ന മത്തായി സുവിശേഷത്തിലെ പാഠം മനസ്സിലാക്കി ക്രൈസ്തവ സമുദായം ഫാഷിസ്റ്റ് ശക്തികളുടെ യഥാർഥ രൂപം തിരിച്ചറിഞ്ഞു. ഇക്കുറി ക്രിസ്ത്യൻ സമൂഹം ഏറെക്കുറെ പൂർണമായും ബിജെപിയിൽനിന്ന് കൃത്യമായ അകലം പാലിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി പോലുള്ള മണ്ഡലങ്ങളിൽ ബിജെപി ക്രൈസ്തവ സമൂഹത്തിൽ നിർണായക സ്വാധീനമുള്ള സ്ഥാനാർഥികളെ നിർത്തിയെങ്കിലും വലിയ വിജയ പ്രതീക്ഷ വെച്ചുപുലർത്തുന്നുമില്ല.
അതേസമയം, ക്രൈസ്തവ വോട്ടുകൾ ആകർഷിക്കാനുള്ള ശ്രമങ്ങൾ ബിജെപി സജീവമാക്കിയിരുന്നതായും കാണാം. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ക്രൈസ്തവ സമൂഹത്തിന് മൈക്രോ-മൈനോരിറ്റി പദവിയും ക്ഷേമ പദ്ധതികളിലും സ്കോളർഷിപ്പുകളിലും സാമൂഹിക വികസന ആനുകൂല്യങ്ങളിലും ന്യായമായ പ്രാതിനിധ്യവുമൊക്കെ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഇത്തരം മോഹന വാഗ്ദാനങ്ങളോട് പൂർണമായും പുറംതിരിഞ്ഞ് നിൽക്കുന്ന നിലപാടാണ് ക്രൈസ്തവ സംഘടനകളുടേത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പുരോഹിതരെ ആക്രമിക്കുന്നതും ഉത്തരേന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങളും വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണത്.
ഉത്തരേന്ത്യയിൽ ഇക്കഴിഞ്ഞ ഡിസംബറിൽ ക്രിസ്മസ് ആഘോഷങ്ങൾക്കുമേൽ വ്യാപകമായി ആക്രമണങ്ങൾ അരങ്ങേറിയതും വടക്കൻ സംസ്ഥാനങ്ങളിൽ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ വാശിയോടെ കൊണ്ടുവന്നതുമൊക്കെ സംഘ്പരിവാറിന് തങ്ങളോടുള്ള യഥാർഥ മനോഭാവം തിരിച്ചറിയാൻ ക്രൈസ്തവരെ സഹായിച്ചു എന്ന് നിസ്സംശയം പറയാം. അനിവാര്യ സന്ദർഭങ്ങളിൽ ഈ തിരിച്ചറിവ് അവർ വിവേകത്തോടെ ഉപയോഗിക്കാറുമുണ്ട്. എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി ഉന്നത പദവി നൽകി 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിപ്പിച്ചത് കേരളത്തില ക്രൈസ്തവ പിന്തുണ ആകർഷിക്കാനായിരുന്നു. എന്നാൽ, ക്രൈസ്തവരുടെ സാന്നിധ്യം ഏറെയുള്ള മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് അനിൽ തള്ളപ്പെട്ടു. ക്രിസ്ത്യൻ സമൂഹത്തിലേക്കുള്ള സംഘപരിവാറിന്റെ പാലമായി കണക്കാക്കി ഉയർത്തിക്കൊണ്ടുവന്ന അനിൽ ആന്റണിയും ടോം വടക്കനും അൽഫോൻസ് കണ്ണന്താനവുമെല്ലാം പരാജയപ്പെട്ടപ്പോൾ ഒതുക്കാനും ബിജെപി മടികാണിച്ചിട്ടില്ല.
ക്രൈസ്തവ സമൂഹത്തെ സ്വാധീനിക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. കഴിഞ്ഞ നവംബറിൽ മോദി ന്യൂഡൽഹിയിൽ സീറോ-മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിനെയും മറ്റ് മുതിർന്ന സഭാ നേതാക്കളെയും കണ്ടിരുന്നു. എന്നാൽ, ഉത്തരേന്ത്യയിൽ ക്രൈസ്തവ സമൂഹം അനുഭവിക്കുന്ന ദുരിതങ്ങൾ തിരിച്ചറിഞ്ഞതോടെ ഈ നീക്കമൊന്നും ഏശിയില്ല.
കേരളത്തിൽ അതിന് പിന്നാലെയുണ്ടായ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്ര വിജയം നേടാനായത് ക്രിസ്ത്യൻ വോട്ടുകൾ ഒന്നായി കൂടെ നിന്നത് കൊണ്ടാണ്. ഈ നിയമസഭ തെരഞ്ഞെടുപ്പിലും ആ സമീപനത്തിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് സൂചനകൾ. ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ടാണ് എറണാകുളത്തെ ചില പഞ്ചായത്തുകളിൽ മാത്രം സാന്നിധ്യമുള്ള ട്വന്റി-20 എന്ന പാർട്ടിയെ ബിജെപി എൻഡിഎ മുന്നണിയുടെ ഭാഗമാക്കിയത്. എന്നാൽ, ഈ കൂട്ടുകെട്ടിൽ എതിർപ്പ് പ്രകടിപ്പിച്ച് ട്വന്റി-20യുടെ നേതാക്കളും അണികളും പാർട്ടിയുമായി അകന്നുപോകുന്നതാണ് കണ്ടുവരുന്നത്.
ഇതിനിടെ ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ഭേദഗതി എഫ്.സി.ആർ.എ ബിൽ, 2026 ബിജെപിയുടെചെമ്പ് പുറത്താക്കി. വിദേശ സംഭാവനകൾ കൂടുതൽ നിയന്ത്രിച്ച് തങ്ങളെ വരിഞ്ഞുമുറുക്കാനുള്ള നീക്കമാണെന്ന ഭയം ക്രിസ്ത്യൻ സമൂഹത്തിൽ ശക്തമാണിപ്പോൾ. ഈ ഘട്ടത്തിൽ ഈ നിയമനിർമാണം പാസാക്കരുതെന്ന് ബിജെപി സംസ്ഥാന ഘടകം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുന്നതിൽ വരെ കാര്യങ്ങളെത്തി. ബിൽ തൽക്കാലം മാറ്റിവെച്ചെങ്കിലും പല നേതാക്കളുടെയും പ്രതികരണങ്ങൾ ബിജെപിയുടെ ഉള്ളിലിരുപ്പ് പുറത്തകൊണ്ടുവരുന്ന തരത്തിലായിരുന്നു. ഒടുവിലായി 'എഫ്.സി.ആർ.എയിൽ ആശങ്ക ഉള്ളവർ കള്ളന്മാരാണ്’ എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന ബിജെപിയുടെ അവസാന ക്രിസ്ത്യൻ വോട്ട് പ്രതീക്ഷയും ഇല്ലാതാക്കിയിരിക്കുകയാണ്.
-
വോട്ട് ചെയ്യാന് പോകുന്നോ? മൊബൈല് വീട്ടില് വച്ചേക്ക്, ഈ രേഖ സൂക്ഷിക്കണം, വോട്ടര്മാര് ചെയ്യേണ്ടത് -
കള്ളവോട്ട് ചെയ്യാൻ നോക്കേണ്ട, ഒരു വർഷം വരെ അകത്തുകിടക്കും -
രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി! 'ആ കൊടി കണ്ടാൽ രക്തം ഇരച്ചുകയറും' -
അമിത് ഷായുടെ വസതിയിലെ കൂടിക്കാഴ്ച ഏത് ഡീൽ ഉറപ്പിക്കാൻ? പിണറായിയോട് 10 ചോദ്യങ്ങളുമായി കെസി -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കേരളം ആവേശക്കടലിൽ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ച വിധിയെഴുത്ത്! -
വെയിലിനെ തോൽപ്പിച്ച് വോട്ട് ചെയ്യാം; വോട്ടർമാർക്കായി അടിയന്തര 'സേഫ്റ്റി ഗൈഡ്' -
2018ലെ പ്രളയം വീണ്ടും! തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിവാദം- ദുരന്തം മനുഷ്യനിർമിതമോ? ശബ്ദരേഖ എഐ നിർമിതമോ? -
'ശ്രീ രേവന്ത് റെഡ്ഡി , തെലങ്കാന പോലെയല്ല കേരളം, മാതൃക കാട്ടി മുന്നോട്ടു തന്നെ പോകും'; മുഖ്യമന്ത്രി -
'സംഘപരിവാർ മനസ്സുളള രേവന്ത് റെഡ്ഡിയിൽ നിന്ന് ഇതിൽ കൂടുതൽ മാന്യത പ്രതീക്ഷിക്കുന്നില്ല'; വി ശിവൻകുട്ടി -
'പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ കഴിയുന്നതല്ല'; ശോഭ സുരേന്ദ്രനോട് രാഹുൽ മാങ്കൂട്ടത്തിൽ -
പിന്തുടരുന്നത് ക്രിമിനലുകൾ; വീഡിയോ ചിത്രീകരിച്ചവർക്കെതിരെ ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ!











Click it and Unblock the Notifications