അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20
കൊച്ചി: അഖില്‍ മാരാര്‍ക്ക് പിന്നാലെ സെലിബ്രിറ്റികളെ സ്ഥാനാര്‍ത്ഥികളാക്കി എന്‍ഡിഎ സഖ്യകക്ഷിയായ ട്വന്റി 20. സിനിമാ താരങ്ങളായ അഞ്ജലി നായര്‍, വീണാ നായര്‍, ലക്ഷ്മി പ്രിയ എന്നിവരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥികളാവുന്നത്. അഖിൽ മാരാർ തൃക്കാക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന് കഴിഞ്ഞ ദിവസം പാർട്ടി പ്രഖ്യാപിച്ചിരുന്നു.
സിനിമാ താരവും അമ്മ സംഘടനയുടെ വൈസ് പ്രസിഡണ്ടുമായ ലക്ഷ്മി പ്രിയ പെരുമ്പാവൂരിലാണ് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പത്ത് വർഷങ്ങളായി ലക്ഷ്മി പ്രിയ സംഘപരിവാർ വേദികളിലെ സജീവ സാന്നിധ്യമാണ്. അഞ്ജലി നായർ തൃപ്പുണിത്തുറ നിയോജക മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാര്‍ത്ഥിയായാണ് മത്സരത്തിനിറങ്ങുന്നത്. തൃപ്പൂണിത്തുറ സ്വദേശിയായ അഞ്ജലി തമിഴ്- മലയാളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
നടിയും നർത്തകിയുമായ വീണാ നായർ ഏറ്റുമാനൂർ മണ്ഡലത്തിലാണ് എൻഡിഎയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. ഏറ്റുമാനൂര്‍ പരിപ്പ് സ്വദേശിനിയാണ്. ഇവരെ കൂടാതെ റിയാലിറ്റി ഷോ താരവും ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസും ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സരിക്കും. അങ്കമാലിയിലാണ് പ്രോമി കുര്യാക്കോസ് ജനവധി തേടുന്നത്.

ഇവരെ കൂടാതെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകളുടെ ഭർത്താവായ ഡോ. ജോർജ് വർഗീസും ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സര രംഗത്തുണ്ട്. കൊടുങ്ങല്ലൂരിലാണ് മത്സരം. പി.എച്ച്.ഡി ബിരുദധാരിയും എഞ്ചിനിയറിംഗ്, മാനേജ്‌മെന്റ് മേഖലകളിൽ സ്വദേശത്തും വിദേശത്തും വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് അദ്ദേഹം. ട്വന്റി20 പാർട്ടിയുടെ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനവും ഡോ. വർഗീസ് ജോർജ് വഹിക്കുന്നുണ്ട്.
ചാലക്കുടി മണ്ഡലത്തിൽ ഹൈക്കോടതി അഭിഭാഷകനും ട്വന്റി20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗവുമായ അഡ്വ. ചാർളി പോൾ മത്സരിക്കും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ ട്വന്റി20 സ്ഥാനാർത്ഥിയായി മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം രണ്ടാം തവണയാണ് ജനവിധി തേടുന്നത്.
പിറവം നിയോജക മണ്ഡലത്തിൽ ദീർഘകാല പ്രവാസിയും നിലവിൽ കുന്നത്തുനാട് മണ്ഡലം കോർഡിനേറ്ററുമായ സംരംഭകൻ ജിബി അബ്രഹാമാണ് സ്ഥാനാർത്ഥി. റാന്നി നിയോജക മണ്ഡലത്തിൽ സാമൂഹിക സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായ തോമസ് കെ. സാമുവൽ (ബ്ലെസ്സൺ) ജനവിധി തേടും. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്തെത്തിയ അദ്ദേഹത്തിന്റെ കന്നി അങ്കമാണിത്.












Click it and Unblock the Notifications