'അരിക്കൊമ്പന്‍ കേരളത്തിന്റെ സ്വത്ത്, സംരക്ഷിക്കണം'; ഹൈക്കോടതിയില്‍ സാബു ജേക്കബ്
കൊച്ചി: ചിന്നക്കനാലില്‍ ജനവാസമേഖലയില്‍ ഇറങ്ങി ഭീതി വിതച്ചതിനെ തുടര്‍ന്ന് നാട് കടത്തിയ അരിക്കൊമ്പന്‍ എന്ന ഒറ്റയാന് സുരക്ഷ ഉറപ്പാക്കണമെന്ന് ട്വന്റി- ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. ഇക്കാര്യം ആവശ്യപ്പെട്ട് സാബു ജേക്കബ് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു. അരിക്കൊമ്പന് ചികിത്സ നല്‍കണം എന്നാണ് ഹര്‍ജിയില്‍ സാബു ജേക്കബ് ആവശ്യപ്പെടുുന്നത്.
അരിക്കൊമ്പനെ തമിഴ്നാട് പിടികൂടിയാല്‍ കേരളത്തിന് കൈമാറണം എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. അരിക്കൊമ്പന്‍ കേരളത്തിന്റെ സ്വത്താണ് എന്നും കേരളത്തിന്റെ വനമേഖലയിലുള്ള ആനയാണ് അരിക്കൊമ്പന്‍ എന്നും സാബു ജേക്കബ് പറഞ്ഞു. കേരള ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അരിക്കൊമ്പനെ പെരിയാറില്‍ കൊണ്ടുപോയത് എന്നും സാബു ജേക്കബ് ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണം എന്നും സാബു ജേക്കബ് വ്യക്തമാക്കി. അരിക്കൊമ്പന്റെ തുമ്പിക്കൈക്ക് മുറിവേറ്റിട്ടുണ്ട് എന്നാണ് വിവരം. അരിക്കൊമ്പനെ പിടികൂടേണ്ട എന്നും മയക്കുവെടി വെക്കണ്ടോ എന്നല്ല തങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നും പകരം അരിക്കൊമ്പനെ സുരക്ഷിതമായിടത്ത് മാറ്റണം എന്നാണ് എന്നും ഹര്‍ജിയില്‍ പറയുന്നു.
ചിന്നക്കനാലിനോട് ബന്ധപ്പെട്ട് നില്‍ക്കുന്ന പെരിയാര്‍ വന്യജീവി സങ്കേതത്തിന് പകരം മറ്റ് ഏതെങ്കിലും വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണം. കേരള സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും തമിഴ്നാട് ചീഫ് സെക്രട്ടറിയേയും എതിര്‍ കക്ഷിയാക്കിയാണ് സാബു ജേക്കബ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അതിനിടെ അരിക്കൊമ്പന്‍ ഷണ്മുഖ നദി ഡാമിന്റെ ജലസംഭരണിക്ക് സമീപത്തേക്ക് നീങ്ങുന്നു എന്നാണ് പുതിയ വിവരം.
അരിക്കൊമ്പനെ പിടികൂടാന്‍ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചിരിക്കുകയാണ്. മുതുമല കടുവാ സങ്കേതത്തിലെ മീന്‍ കാളന്‍, ബൊമ്മന്‍, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ക്കൊപ്പം വെറ്ററിനറി സര്‍ജന്‍ ഡോ. രാജേഷും സംഘത്തിലുണ്ട്. മൂന്ന് കുങ്കിയാനകളും 150ഓളം പേരടങ്ങിയ ദൗത്യസംഘവും ഇവിടെ കഴിഞ്ഞ രണ്ട് ദിവസമായി ക്യാമ്പ് ചെയ്ത് വരികയാണ്.
ഇന്നലെ കമ്പത്തിന് സമീപം കൂത്തനാച്ചിയാര്‍ വനമേഖലയില്‍ അരിക്കൊമ്പന്‍ എത്തിയിരുന്നു. രാവിലെ ജനവാസമേഖലക്ക് അരികിലെത്തി. എന്നാല്‍ പിന്നീട് പുറത്തേക്ക് വന്നില്ല. അതേസമയം അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ കമ്പം സ്വദേശി പാല്‍രാജ് ഇന്ന് രാവിലെ മരിച്ചിരുന്നു.












Click it and Unblock the Notifications