'കാശ് കയ്യിലുണ്ടെന്ന് കരുതി എന്തും വിളിച്ചു പറയാമെന്ന അവസ്ഥയാണ് സാബുവിന്'; - വിമർശിച്ച് സി.പി.എം
കൊച്ചി: ട്വന്റി-ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്ററും കിറ്റക്‌സ് എം.ഡിയുമായ സാബു എം ജേക്കബിനെതിരെ സി.പി.എം രംഗത്ത്. ദീപു മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് സാബു പ്രതികരിച്ച് എത്തിയതെന്നാണ് സി.പി.എം വ്യക്തമാക്കിയത്. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനാണ് വിമര്‍ശം ഉന്നയിച്ച് രംഗത്ത് വന്നത്.
'സന്ദേശം സിനിമയിലെ പോലെ മൃതദേഹം പിടിച്ചെടുക്കാനാണ് സാബു ശ്രമിച്ചത്. പി.വി. ശ്രീനിജന്റേത് പെയ്ഡ് സീറ്റ് ആണെന്ന ആരോപണത്തിന് മറുപടിയുണ്ട്. പ്രതികളില്‍ സി.പി.എം -കാരുണ്ടെങ്കിലും ആളെ കൊല്ലാനാണ് പോയതെന്ന് പറയാനാകുമോ', എന്നും ജില്ലാ സെക്രട്ടറി ചോദിച്ചു.
അതേസമയം, പ്രവര്‍ത്തകര്‍ പ്രതികളായിട്ടുണ്ടെങ്കിലും സി.പി.എം. ആണ് ഈ കൊലയ്ക്ക് പിന്നിൽ എന്ന് എങ്ങനെ വ്യാഖ്യാനിക്കാന്‍ കഴിയും എന്നാണ് സി.എന്‍. മോഹനന്‍ ചോദിക്കുന്നത്.

ദീപുവിന്റേത് കൊലപാതകം എന്ന വാദങ്ങളും മോഹനന്‍ നിഷേധിച്ചു. ഒരുപാട് കാശ് കയ്യിലുണ്ടെന്ന് കരുതി എന്തും വിളിച്ചു പറയാമെന്ന അവസ്ഥയാണ് സാബു എം. ജേക്കബിനുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. കുന്നത്തുനാട്ടിലെ ദീപുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ട്വന്റി-ട്വന്റിയുടെ ആരോപണം തള്ളുകയാണ് സി.പി.എം.

അതേസമയം, ദീപു മരണപ്പെട്ടതിന് പ്രതികരിച്ച് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് രംഗത്ത് എത്തിയിരുന്നു. ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന് സംഭവിച്ചത് ആസൂത്രിത കൊലപാതകം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മുന്‍കൂട്ടിയാണ് സംഘം ദീപുവിനെ ആക്രമിച്ചത്. ഇത് അദൃശ്യമായ സംഭവമല്ല. പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം.ജേക്കബ് വ്യക്തമാക്കിയിരുന്നു.

മർദ്ദിക്കാൻ തന്നെയായിരുന്നു സിപിഎം പ്രവർത്തകർ അവിടെയെത്തിയത്. അല്ലാതെ ബക്കറ്റ് പിരിവ് നടത്താൻ അല്ല. വിളക്കണക്കൽ സമരത്തെ കുറിച്ച് പറയാൻ കോളനിയിലെ വീടുകൾ കയറി നടക്കുമ്പോൾ പതിയിരുന്നാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. പ്രൊഫഷണൽ രീതിയിലുള്ള ആക്രമണമാണെന്നും സാബു ചൂണ്ടി കാണിച്ചിരുന്നു. പുറത്തേക്ക് യാതൊരു പരിക്കും ഏറ്റില്ല.

ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്. വാർഡ് മെമ്പർ സ്ഥലത്ത് എത്തുമ്പോൾ ദീപുവിനെ മതിലിനോട് ചേർത്ത് നിർത്തി മർദ്ദിക്കുകയായിരുന്നു. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു വ്യക്തമാക്കിയിരുന്നു. വിളക്കണക്കൽ സമരം സമാധാനപരമായിട്ടാണ് ട്വന്റി ട്വന്റി നടത്തിയത്. വീടുകളിലിരുന്ന് ലൈറ്റ് അണച്ച് പ്രതിഷേധിക്കാന്‍ ആയിരുന്നു തീരുമാനം. ട്വന്റി ട്വന്റിയുടെ ഏരിയ സെക്രട്ടറിയായ ദീപു ലൈറ്റ് അണക്കുന്ന കാര്യം വീടുകള്‍ തോറും കയറി ഇറങ്ങി പറഞ്ഞു. ഇതിനിടെയാണ് ആക്രമണം നടന്നത്. ക്രൂരമായി മര്‍ദനമാണ് ദീപുവിനു നേരെയുണ്ടായത്. സംഭവം അറിഞ്ഞ് അവിടുത്തെ വാര്‍ഡ് മെമ്പര്‍ സ്ഥലത്തെത്താന്‍ 15 മിനിട്ട് എടുത്തു.

അതുവരെ അദ്ദേഹത്തെ മര്‍ദിച്ചു. ആക്രമത്തിൽ ദീപുവിന്റെ അയൽവാസികൾ പോലും എംഎൽഎയ്ക്ക് എതിരെ പ്രതികരിച്ചില്ല. ആരെങ്കിലും പ്രതികരിച്ചാൽ അവർക്കെതിരെ ഭീഷണി ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. വിളക്കണക്കൽ സമരത്തിന്റെ 90 ശതമാനം പോസ്റ്ററുകളും കീറി മാറ്റി. പിവി ശ്രീനിജൻ എംഎൽഎയായ ശേഷം തങ്ങളുടെ 50 പ്രവർത്തകർ ആക്രമിക്കപ്പെട്ടു. ഗാന്ധിയൻ രീതിയിൽ മുന്നോട്ട് പോകുന്ന പാർട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശ്രീനിജൻ എംഎൽഎയാണ് കേസിലെ ഒന്നാം പ്രതി. ആർക്കും പരാതി പറയാൻ പോലും ധൈര്യം ഇല്ല. അക്രമി സംഘം ശ്രീനിജൻ എംഎൽഎയുമായി കൃത്യം നടത്തുന്നതിന് മുൻപും ശേഷവും ബന്ധപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ ബലവും, കോടതികളിൽ ഉള്ള സ്വാധീനവും ഉപയോഗിച്ച് ശ്രീനിജൻ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നെന്നും സാബു ആരോപിച്ചു. എംഎൽഎയുടെയും ഗുണ്ടകളുടെയും വിളയാട്ടം ആണ് തങ്ങളുടെ നാല് പഞ്ചായതുകളിലുമെന്ന് സാബു വിമർശിച്ചു. 10 മാസം കൊണ്ടു അഞ്ച് പൈസയുടെ പ്രയോജനം എംഎൽഎയെ കൊണ്ട് ഉണ്ടായിട്ടില്ല. അർഹത ഇല്ലാത്തവർക്ക് അധികാരം കിട്ടുന്നതിന്റെ ഇരയാണ് ദീപുവെന്നും സാബു കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications