ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ കനക്കും, 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് 8 ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
നിലവിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മറ്റൊരു ചക്രവാതച്ചുഴി തെക്കൻ തമിഴ്‌നാട് തീരത്തിനു മുകളിലായും സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്.

ഇതോടെ ഞായറാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
30 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രാത്രി 11.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്‌നാട് തീരത്ത് രാത്രി 11.30 വരെ 1.2 മുതൽ 2.3 മീറ്റർ വരേയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് മുന്നറിയിപ്പ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.












Click it and Unblock the Notifications