കൊച്ചിക്ക് മാത്രമല്ല, തിരുവനന്തപുരത്തിനും ഇരട്ട ഐടി ടവർ: 850 കോടി രൂപയുടെ പദ്ധതിയുമായി വരുന്നത് യുഎഇ കമ്പനി
ടെക്നോപാർക്കിൽ ആദ്യ ഇരട്ട ടവർ ക്യാമ്പസായി മെറിഡിയൻ ടെക് പാർക്ക് ഉയരും. സംസ്ഥാനത്തിന്റെ സാങ്കേതിക മുന്നേറ്റത്തിൽ പുതിയ നാഴികക്കല്ലാകുന്ന മെറിഡിയൻ ടെക് പാർക്ക് ടെക്നോപാർക്കിന്റെ ഫേസ് 3 യിലാണ് യാഥാർത്ഥ്യമാകുക. 850 കോടി രൂപയുടെ വൻ നിക്ഷേപത്തോടെ, യുഎഇ ആസ്ഥാനമായുള്ള പ്രമുഖ നിക്ഷേപ സ്ഥാപനമായ അൽ മർസൂഖി ഹോൾഡിംഗ്സ് എഫ്ഇസഡ്സി (Al Marzouqi Holdings FZCO) നയിക്കുന്ന ഈ പദ്ധതി, കേരളത്തിന്റെ സാങ്കേതിക-നവീന വികസനത്തിന് പുതിയ മാനങ്ങൾ കൂട്ടും.
'കേരളത്തിന്റെ വെർട്ടിക്കൽ ഇന്നൊവേഷൻ നെക്സസ്' എന്ന് ബ്രാൻഡ് ചെയ്യപ്പെട്ട ഈ പ്രോജക്ട്, 10,000-ലധികം പേർക്ക് നേരിട്ടും 2,000-ലധികം പേർക്ക് പരോക്ഷമായും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. മെറിഡിയൻ ടെക് പാർക്കിന്റെ താത്പര്യപത്രം വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ അൽ മർസൂഖി ടെക് പാർക്ക് സിഇഒ അജീഷ് ബാലദേവനും ടെക്നോപാർക്ക് സിഇഒ സഞ്ജീവ് നായരും തമ്മിൽ കൈമാറി.

3.5 ഏക്കറിൽ അത്യാധുനിക ഇന്നൊവേഷൻ ഇക്കോസിസ്റ്റമായാണ് ഈ ക്യാമ്പസ് രൂപപ്പെടുത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ്, ഏവിയേഷൻ ഐടി, ഹെൽത്ത്കെയർ ഐടി, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകി, ലോകോത്തര നിലവാരമുള്ള ഐടി-ഐടി അധിഷ്ഠിത പദ്ധതിയായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദ നിർമിതിയാണ് മെറിഡിയൻ ടെക് പാർക്കിന്റെ മറ്റൊരു പ്രധാന സവിശേഷത. ലീഡ് പ്ലാറ്റിനം സർട്ടിഫിക്കേഷൻ ലക്ഷ്യമിട്ടുള്ള ഈ പ്രോജക്ട്, സുസ്ഥിര വികസനത്തിന് മുൻഗണന നൽകുന്നു. നിർമിത ബുദ്ധിയുടെ (AI) പിന്തുണയോടെ പ്രവർത്തിക്കുന്ന ലബോറട്ടറികൾ വഴി, ചെറുകിട സ്റ്റാർട്ടപ്പുകൾക്ക് പോലും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും. കോൺഫറൻസുകൾ, ടെക്നോളജി ഉച്ചകോടികൾ, കോർപ്പറേറ്റ് ഇവന്റുകൾ എന്നിവയ്ക്കായി അന്താരാഷ്ട്ര നിലവാരമുള്ള കൺവെൻഷൻ സെന്ററും, ഉൽപ്പന്ന ലോഞ്ചിംഗിനും കോർപ്പറേറ്റ് ഒത്തുചേരലുകൾക്കുമായി പ്രത്യേക ഇടങ്ങളും ഈ ക്യാമ്പസിന്റെ ഭാഗമാകും.
നിക്ഷേപം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ 400 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 450 കോടി രൂപയും അൽ മർസൂഖി ഹോൾഡിംഗ്സ് നിക്ഷേപിക്കും. സാമ്പത്തിക വികസനത്തിലും വാണിജ്യ മേഖലയിലും ശക്തമായ സാന്നിധ്യമുള്ള അൽ മർസൂഖി ഹോൾഡിംഗ്സ്, കേരളത്തിന്റെ സാങ്കേതിക വിപ്ലവത്തിന് വേഗം പകരുന്ന ഈ പദ്ധതിയിലൂടെ ആഗോള ഐടി ലാൻഡ്സ്കേപ്പിൽ സംസ്ഥാനത്തിന്റെ സ്ഥാനം ഉയർത്താൻ ലക്ഷ്യമിടുന്നു.
മെറിഡിയൻ ടെക് പാർക്ക് കേരളത്തിന്റെ സാങ്കേതിക-നവീന മേഖലയിൽ ഒരു നാഴികക്കല്ലായി മാറും. ഈ പദ്ധതി, ഐടി-ഐടി അനുബന്ധ വ്യവസായങ്ങളിൽ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുകയും, സംസ്ഥാനത്തിന്റെ ആഗോള മത്സരക്ഷമത ശക്തിപ്പെടുത്തുകയും ചെയ്യും. ടെക്നോപാർക്കിന്റെ ഫേസ് 3-ന്റെ വികസനത്തിന് ഈ പ്രോജക്ട് കൂടുതൽ ഊർജം പകരും, കേരളത്തെ ഒരു ആഗോള ഇന്നൊവേഷൻ ഹബ്ബാക്കി മാറ്റുന്നതിന് നിർണായക പങ്കുവഹിക്കും.












Click it and Unblock the Notifications