തൃശൂരിനെ നടുക്കി ഇരട്ട കൊലപാതകങ്ങള്‍: കൊല്ലപ്പെട്ടവരില്‍ 'കരുണാമയന്‍' എന്ന ഗുണ്ടാ നേതാവും
തൃശ്ശൂർ: തൃശൂരിനെ നടുക്കി രണ്ട് മണിക്കൂറിനിടെ ഇരട്ട കൊലപാതകങ്ങള്‍. മൂന്നിടങ്ങളിലായി നടന്ന ആക്രമണത്തിലും സംഘർഷത്തിലുമായിട്ടാണ് ഗുണ്ടാസംഘത്തലവന്‍ ഉള്‍പ്പെടേയുള്ളവർ കൊല്ലപ്പെട്ടത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പൂത്തോള്‍ ബി എസ് എന്‍ എല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കരുണാമയന്‍ എന്ന വിഷ്ണു(25), മുളയം സ്വദേശി അഖില്‍ (28) എന്നിവരാണ് കൊല്ലപ്പെട്ടത്.
കണിമംഗലം മങ്കുഴി പാലത്തിന് സമീപത്തെ റെയില്‍വേ ട്രാക്കിന് സമീപത്ത് കുത്തേറ്റ നിലയില്‍ വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു. വൈകീട്ട് നാലരയോടെ വിഷ്ണുവിനെ കണ്ടെത്തുമ്പോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴുത്തിന് താഴെയും നെഞ്ചിന് മുകളിലുമായി ആഴത്തിലുള്ള മുറിവായിരുന്നു വിഷ്ണുവിനേറ്റത്.

മറ്റ് എവിടെയോ വെച്ച് ആക്രമിച്ച് ശേഷം വാഹനത്തില്‍ ഇവിടെ കൊണ്ടുവെന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്ന സംശയമുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു വിഷ്ണുവിനെ കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇദ്ദേഹം ജില്ലയിലേക്ക് തിരിച്ചെത്തിയത്. നാടുകടത്തില്‍ കാലയളവില്‍ മംഗലാപുരത്തും മറ്റുമായിട്ടായിരുന്നു താമസം.
നെടുപഴ സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു കാപ്പ ചുമത്തിയത്. വെസ്റ്റ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. വിഷ്ണുവിന്റെ സുഹൃത്തുക്കള്‍ തന്നെയാണ് ഇയാളെ കുത്തേറ്റ നിലയില്‍ കണ്ടെത്തുന്നത്. ശബ്ദം കേട്ട് നോക്കിയപ്പോള്‍ കണ്ടുവെന്നാണ് ഇവരുടെ മൊഴി. ഇക്കാര്യം വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. സംഘത്തിനിടയിലുണ്ടായ തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്നത് അടക്കമുള്ള സംശയം പൊലീസിനുണ്ട്.
ഗുണ്ടാ സംഘങ്ങള്‍ക്കിടയിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയമുണ്ട്. മദ്യപാനത്തിനിടെയുണ്ടായ തർക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നു. വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചവരേയടക്കം പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതോടെ നെടുപുഴ സ്റ്റേഷന്‍ പരിധിയിലെ ഗുണ്ടാ സംഘട്ടനങ്ങള്‍ക്ക് അറുതി വന്നിരുന്നു.
വിഷ്ണുവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ വൈകീട്ട് ആറരയോടെ മൂര്‍ക്കനിക്കരയിലാണ് രണ്ടാമത്തെ കൊലപാതകമുണ്ടായത്. കുമ്മാട്ടി ആഘോഷത്തിനിടെയായിരുന്നു സംഭവം. മൂര്‍ക്കനിക്കര ഗവ.സ്‌കൂളിന് മുന്‍വശത്ത് വെച്ച് നടന്ന സംഘട്ടനത്തിലാണ് അഖില്‍ എന്നയാള്‍ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഇരട്ട സഹോദരങ്ങളാണ് പ്രതികളെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
കുമ്മാട്ടി ആഘോഷത്തിനിടെ ഡാന്‍സ് കളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സംശയം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം പൊലീസ് നടത്തി വരികയാണ്. മുറ്റിച്ചൂരിലാണ് മൂന്നാമത്തെ ആക്രമണം ഉണ്ടായത്. മദ്യപാന സംഘത്തിനിടയിലുണ്ടായ തർക്കം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിലാണ് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്.












Click it and Unblock the Notifications