പെരുമ്പാവൂരിൽ ട്വിസ്റ്റോ! എൽദോസ് കുന്നപ്പള്ളിക്ക് പുറമേ രണ്ട്പേർ കൂടി പരിഗണനയിൽ
പെരുമ്പാവൂരിലെ കോൺഗ്രസ് സ്ഥാനാർഥിത്വത്തിൽ ഒരു ട്വിസ്റ്റിന് സാധ്യതയെന്ന് സൂചന. എൽദോസ് കുന്നപ്പള്ളിക്ക് പുറമേ പെരുമ്പാവൂരിൽ രണ്ട്പേരുകൾ കൂടി പരിഗണനയിലുണ്ടെന്നാണ് വിവരം. ഇതിനായി പാലക്കാട്, തൃപ്പൂണിത്തുറ ഒഴികെയുള്ള മണ്ഡലങ്ങളിലെ എല്ലാ സിറ്റിങ് എം.എൽ.എമാരെയും മത്സരിപ്പിക്കാമെന്ന കെ.പി.സി.സി നിർദേശത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി മാറ്റം വരുത്താനിടയുണ്ട്. രണ്ട് വർഷം മുമ്പ് എൽദോസ് കുന്നപ്പള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതി സീറ്റ് നിർണയം പുരോഗിക്കുന്നതിനിടെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ കുത്തിപൊക്കിയതാണ് ഇതിന് കാരണം.
എൽദോസിനെ മത്സരിപ്പിക്കരുതെന്നും വിജയിക്കാൻ സാധ്യതയില്ലെന്നുമുള്ള പരാതിയാണ് ഈ നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിന് കൈമാറിയത്. കെ.പി.സി.സി ഈ പരാതികൾ ഗൗരവത്തോടെ എടുത്തില്ലെങ്കിലും കോൺഗ്രസ് ദേശീയ നേതാക്കളിൽ ചിലർ പെരുമ്പാവൂരിൽ പുതിയ സ്ഥാനാർഥിയെ രംഗത്ത് ഇറക്കണമെന്ന നിലപാട് സ്വീകരിച്ചെന്നാണ് സൂചന. മനോജ് മൂത്തേടൻ, കെ.എസ്.യു മുൻ സംസ്ഥാന അധ്യക്ഷൻ ജൈസൺ ജോസഫ് എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്.
ഈ പേരുകൾ വരുന്നതിന് മുമ്പ് മൂവാറ്റുപുഴയിൽ നിന്ന് മാത്യു കുഴൽനാടനെ പെരുമ്പാവൂരിലേക്ക് മാറ്റാനുള്ള ആലോചനയും നടന്നിരുന്നു. എന്നാൽ, മാത്യു കുഴൽനാടൻ ഇത് അംഗീകരിക്കാഞ്ഞതിനെ തുടർന്നാണ് പെരുമ്പാവൂരിൽ പുതിയ പേരുകൾ പരിഗണനക്കെത്തിയത്. അതിനിടെ, ഡൽഹിയിലുള്ള എൽദോസ് കുന്നപ്പള്ളി സ്ഥാനാർഥിത്വം നിലനിർത്തുന്നതിനായി കെ.സി. വേണുഗോപാൽ ഉൾപ്പടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ് എൽദോസ് കുന്നപ്പള്ളി. അതുകൊണ്ടു തന്നെ എൽദോസിനെ മാറ്റുന്ന കാര്യത്തിൽ രമേശ് ചെന്നിത്തലയുടെ അഭിപ്രായവും നിർണ്ണായകമാകുമെന്ന സൂചനയാണ് കോൺഗ്രസ് നേതാക്കൾ നൽകുന്നത്. അതേസമയം, രമേശ് ചെന്നിത്തലയുടെ മറ്റൊരു വിശ്വസ്തനായ ഐ.സി. ബാലകൃഷ്ണന്റെ സ്ഥാനാർഥിത്വവും പരുങ്ങലിലാണെന്ന സൂചനയുമുണ്ട്.
ഐ.സി. ബാലകൃഷ്ണനെ വീണ്ടും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമോയെന്ന ചർച്ചയും കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചർച്ച ചെയ്യുന്നുണ്ട്. വയനാട് ഡി.സി.സി ട്രഷറർ ആയിരുന്ന എൻ.എം.വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രേരണ കേസിൽ ഒന്നാം പ്രതിയാണ് ഐ.സി.ബാലകൃഷ്ണൻ. ഇത് കണക്കലെടുത്താണ് ബാലകൃഷ്ണനെ വീണ്ടും സ്ഥാനാർഥിയാക്കണമോ എന്ന കാര്യത്തിൽ ചർച്ച നടക്കുന്നത്. പകരം സുൽത്താൻ ബത്തേരിയിൽ എൻ. ശങ്കരൻ, സി.കെ. ജാനു, ഉഷ വിജയൻ എന്നിവരുടെ പേരുകൾ കോൺഗ്രസ് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
ഐ.സി. ബാലകൃഷ്ണനെ സുൽത്താൻ ബത്തേരിയിൽ നിന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തിലേക്ക് മാറ്റിയാൽ മതിയെന്ന അഭിപ്രായവും ഉയർന്നിരുന്നു. എന്നാൽ മണ്ഡലം മാറാൻ തയ്യാറല്ലെന്ന് ബാലകൃഷ്ണൻ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ബാലകൃഷ്ണന്റെ കാര്യത്തിലും രമേശ് ചെന്നിത്തലയുടെ നിലപാട് നിർണായകമാകും.












Click it and Unblock the Notifications