2 ചക്രവാതച്ചുഴി തുടരുന്നു..ഇന്ന് മഴ മുന്നറിയിപ്പില്ല; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ നാളെ മുതൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL. H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 7ന് പത്തനംതിട്ട, കോട്ടയം ജില്ലകളിലും 8 ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടാണ്.
തെലുങ്കാനയുടെ കിഴക്കൻ മേഖലക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് വടക്കോട്ട് നീങ്ങി അടുത്ത ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. ഇതുകൂടാതെ ലക്ഷദ്വീപിനും സമീപ പ്രദേശങ്ങൾക്കും മുകളിൽചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ തമിഴ്‌നാടിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും ഉണ്ട്. ഈ സാഹചര്യത്തിൽ 8വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ. വരെ) സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

അതേസമയം മുറസു ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞെങ്കിലും ഇന്നും ദക്ഷിണേന്ത്യയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയികുന്നത്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ കൂടാതെ കർണാടകയുടെ തീരദേശം, കേരളം, ലക്ഷദ്വീപ്, റായൽസീമ, എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. ആന്ധ്രയുടെ തീരദേശത്തും യാനത്തും മഴയക്ക് സാധ്യത പ്രവചിക്കുന്നുണ്ട്.
ബെംഗളൂരിൽ മഴ കനക്കും
ബെംഗളൂരിൽ അടുത്ത രണ്ട് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ നഗരത്തിൻ്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. ശക്തമായ മഴയിൽ നഗരത്തിൻ്റെ പലഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഹെബ്ബാൾ, മെകേരി സർക്കിൾ, ശ്രിനിവഗലു ജങ്ഷൻ, കാർത്തിക നഗർ എന്നിവിടങ്ങളിലെല്ലാം മഴ ദുരിതം തീർത്തു. വൈകീട്ട് 5.30 വരെ 2.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇന്ന് 21-29 ഡിഗ്രി സെൽഷ്യസിനിടയിലായിരിക്കും നഗരത്തിലെ താപനില.


Click it and Unblock the Notifications
