രാഷ്ട്രീയ പക പോക്കല്‍; കണ്ണൂരില്‍ ഒറ്റ രാത്രികൊണ്ട് രണ്ട് പേരെ വെട്ടിക്കൊന്നു
പയ്യന്നൂര്‍: കണ്ണൂരില്‍ വീണ്ടും ചോരക്കളി. ഒറ്റരാത്രികൊണ്ട് രണ്ട് പേരെയാണ് വെട്ടിക്കൊന്നത്. കുന്നുരു കാരന്താട്ട് സി പി എം പ്രവര്‍ത്തകനായ സി വി ധന്‍രാജ് (36), ഓട്ടോറിക്ഷ ഡ്രൈവറും ബി എം എസ് പ്രവര്‍ത്തകനുമായ സി കെ രാമചന്ദ്രന്‍ (46) എന്നിവരാണ് ഇന്നലെ (ജൂലൈ 12) രാത്രി കൊല്ലപ്പെട്ടത്.
രാത്രി പത്ത് മണിയോടെ വീട്ടുമുറ്റത്ത് വച്ചാണ് ധന്‍രാജ് കൊല്ലപ്പെട്ടത്. മൂന്ന് ബൈക്കുകളിലെത്തിയ ആറുപേരാണ് ധന്‍രാജിനെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം നേതൃത്വം ആരോപിയ്ക്കുന്നു.

ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ധന്‍രാജിനെ പിന്തുടര്‍ന്നെത്തിയ സംഘം വീട്ടിലെത്തിയ ഉടനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
തുടര്‍ന്ന് അര്‍ധരാത്രിയോടെയാണ് പയ്യന്നൂര്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ സി കെ രാമചന്ദ്രന്‍ കുത്തേറ്റ് മരിയ്ക്കുന്നത്. വീടിന് നേരെ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം രാമചന്ദ്രനെ വെട്ടുകയായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് ബി ജെ പി ആരോപിയ്ക്കുന്നു.
കാരയില്‍ ആര്‍ എസ് എസ് ജില്ലാ കാര്യവാഹക് പി രാജേഷിന്റെ വീടിനും ബേക്കറിയ്ക്കും വാഹനത്തിനും നേരെ ആക്രമണമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ മേഖലയില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറുകയാണ്. ധന്‍രാജിന്റെ മരണത്തെ തുടര്‍ന്ന് ഇന്ന് പയ്യന്നൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications