സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൂടി കൊവിഡ്; 13 പേർ രോഗമുക്തരായി
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
കണ്ണൂർ, കാസർഗോഡ് സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരും വിദേശത്തുനിന്ന് വന്നവരാണ്. ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.
കാസര്‍കോട് 8, കണ്ണൂര്‍ 3, തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്ന് ഓരോരുത്തരുടെയും ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും വന്നവരാണ്. കാസർഗോഡ് സ്വദേശി കഴിഞ്ഞ മാർച്ച് 16 നാണ് നാട്ടിലെത്തിയത്. ചെമ്മനാട് തെക്കിൽ സ്വദേശിയാണ് ഈ 48 കാരൻ. ഇദ്ദേഹം നാട്ടിലെത്തിയിട്ട് 34 ദിവസം കഴിഞ്ഞിരുന്നു.

നിലവില്‍ സംസ്ഥാനത്തെ 129 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതുവരെ 401 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.18,547 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്.
അതിനിടെ രാജ്യത്തെ 54 ജില്ലകളിൽ കഴിഞ്ഞ 14 ദിവസത്തിനിടെ ഒരു സ്ഥലത്തും പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പുതുച്ചേരിയിലെ മാഹിയിലും കർണാടകത്തിലെ കുടകിലും കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്രസർക്കാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യയിൽ ഇതുവരെ 15712 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1334 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 507 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. 2231 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റെ സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.












Click it and Unblock the Notifications