കുമ്പസാര രഹസ്യം ചോർത്തി പീഡനം; ഒളിവിലായിരുന്ന രണ്ട് വൈദികർ കൂടി കീഴടങ്ങി
തിരുവല്ല: കുമ്പസാര രഹസ്യം ചോർത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ ഓർത്തഡോക്സ് സഭയിലെ രണ്ട് വൈദികർ കൂടി കീഴടങ്ങി. കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടിൽ എബ്രാഹം വർഗീസ്, ജെയ്സ് കെ ജോർജ് എന്നിവരാണ് കീഴടങ്ങിയത്. കേസിൽ ഒന്നും നാലും പ്രതികളാണ് ഇവർ.
കൊല്ലം ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ജെയ്സ് കെ ജോർജ് കീഴടങ്ങിയത്. എബ്രാഹം വർഗീസ് തിരുവല്ല കോടതിയിലും കീഴടങ്ങി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഇതോടെ കേസിൽ ഉൾപ്പെട്ട നാല് വൈദികരും കീഴടങ്ങി.

കോടതി നിർദ്ദേശം
വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി ഇരുവരോടും 13ാം തീയതിക്കകം കീഴടങ്ങണമെന്ന് നിർദ്ദേശിച്ചിരുന്നു. വൈദികർക്കെതിരെ വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മുൻകൂർ ജാമ്യം തേടി വൈദികർ സുപ്രീം കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് പ്രകാരമാണ് വൈദികർ ഇന്ന് കീഴടങ്ങിയത്. അറസ്റ്റിന് ശേഷം വൈദികർ സമർപ്പിക്കുന്ന ജാമ്യാപേക്ഷയിൽ ഇന്ന് തന്നെ വിചാരണ കോടതി വിധി പറയണമെന്നും സുപ്രീം കോടതി നിർദ്ദേശമുണ്ട്.

മറ്റ് പ്രതികൾ
കേസിലെ രണ്ടാം പ്രതി ജോബ് മാത്യുവും മൂന്നാം പ്രതി ജോൺസൺ വി മാത്യുവും നേരത്തെ തന്നെ കീഴടങ്ങിയിരുന്നു. ഇവർ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇരുവർക്കും ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കാറിനുള്ളില്‍ വച്ച് പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറുകയും അശ്ലീലസന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നുമാണ് ഇവർക്കെതിരെ ഉയർന്ന പരാതി.

400 തവണ
ഒന്നാം പ്രതിയായ എബ്രാഹം വർഗീസ് 400ൽ അധികം തവണ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്. യുവതിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചുമെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ വിവാഹശേഷം മുൻപ് ലൈംഗികബന്ധത്തിലേർപ്പെട്ട കാര്യവും കുമ്പസാരരഹസ്യങ്ങളും ഭർത്താവിനോട് വെളിപ്പെടുത്തുമെന്ന് വൈദികൻ ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണം നടത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്.

ഹോട്ടലിൽ വെച്ച്
ഒന്നാം പ്രതിയിൽ നിന്നും യുവതിയുടെ കുമ്പസാരരഹസ്യങ്ങൾ അറിഞ്ഞ ജെയ്സ് ജോർജും യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഹോട്ടലിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നും യുവതിയെക്കൊണ്ട് വലിയ തുകയുടെ ഹോട്ടൽ ബില്ലുകൾ അടപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.












Click it and Unblock the Notifications