മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി, രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി. ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ അണക്കെട്ടിലെ നിലവിൽ തുറന്നിരിക്കുന്ന ഷട്ടറുകൾ കൂടാതെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. രാത്രി 9 മണിയോടെയാണ് ഷട്ടറുകൾ തുറന്നത്.
രണ്ട് ഷട്ടറുകൾ അധികമായി 0.30 മീറ്റർ ഉയർത്തി 1682.44 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സ്പില്‍വേ ഷട്ടറുകള്‍ അടച്ചതാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരാനുളള കാരണം.
രാത്രികാലങ്ങളില്‍ വെള്ളം തുറന്ന് വിടുന്നത് ഒഴിവാക്കണം എന്നുളള കേരളത്തിന്റെ അഭ്യര്‍ത്ഥന പരിഗണിക്കാതെയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നാല്‍ പകല്‍ തന്നെ കൂടുതല്‍ വെള്ളം തുറന്ന് വിടണം എന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടിരുന്നത്. മാത്രമല്ല മുല്ലപ്പെരിയാറില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിട്ടതില്‍ തമിഴ്‌നാടിന് എതിരെയുളള പ്രതിഷേധം കേന്ദ്ര ജല കമ്മീഷനേയും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയേയും അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട് മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്ന് വിട്ടിരുന്നു. എന്നാല്‍ ഡാം തുറക്കുന്നത് സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് കേരളത്തിന് ലഭിച്ചിരുന്നില്ല. ഇത് കാരണം പെരിയാര്‍ തീരത്തുളള ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തും എന്നാണ് തമിഴ്‌നാട് വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും ജലനിരപ്പ് ഉയര്‍ത്തുകയെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ അറിയിച്ചു. ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്തുന്നതിന് മുന്നോടിയായി ഡാം ബലപ്പെടുത്തുമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ചര്‍ച്ച നടത്തുമെന്നും ദുരൈ മുരുകന്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ഇതോടെ ഡാമിലേക്കുളള നീരൊഴുക്ക് ശക്തമായി. നിലവില്‍ ഡാമിന്റെ 6 ഷട്ടറുകള്‍ ആണ് ഉയര്‍ത്തിയിരിക്കുന്നത്. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് തുറന്ന ഷട്ടറുകളില്‍ രണ്ടെണ്ണം ബാക്കി നിര്‍ത്തി മറ്റുളളവ അടച്ചിരുന്നു. ജലനിരപ്പ് 14195 അടിയിലേക്ക് താണിരുന്നു. എന്നാല്‍ പിന്നീട് മഴ കൂടിയതോടെയാണ് ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. അതിനിടെ പാലക്കാട് ജില്ലയിലെ ആളിയാർ ഡാമിൻ്റെ 11 സ്പിൽവേ ഷട്ടറുകൾ 9 സെ.മി വീതം തുറന്നു. 1800 ക്യുസെക്സ് ജലമാണ് തുറന്ന് വിട്ടിരിക്കുന്നത്. ചിറ്റൂർ പുഴയിൽ വെള്ളത്തിന്റെ അളവ് കൂടാൻ സാധ്യതയുള്ളതിനാൽ ചിറ്റൂർ പുഴയുടെ തീരത്ത് താമസിക്കുന്നവരും കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.












Click it and Unblock the Notifications