പല്ലനയാറ്റില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
ആലപ്പുഴ: തൃക്കുന്നപ്പുഴയിലെ പല്ലനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്. തോട്ടപ്പള്ളി ഒറ്റപ്പന ആര്‍ദ്രം വീട്ടില്‍ ജോയിയുടെ മകന്‍ ആല്‍ബിന്‍ (14), കരുവാറ്റ സാന്ദ്രാ ജംഗ്ഷന്‍ പുണര്‍തം വീട്ടില്‍ അനീഷിന്റെ മകന്‍ അഭിമന്യു (14) എന്നിവരാണ് മരിച്ചത്. തോട്ടപ്പള്ളി മലങ്കര സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആല്‍ബിന്‍. കരുവാറ്റ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിമന്യു.
ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് സംഘങ്ങളായി എത്തിയ ആല്‍ബിനും അഭിമന്യുവും ഉള്‍പ്പെടെ ഏഴു പേര്‍ പല്ലന കുമാരകോടി പാലത്തിന് താഴെ ആറ്റില്‍ കുളിക്കാനിറങ്ങി. ഇതിനിടെ അഭിമന്യുവിനെയും ആല്‍ബിനെയും കാണാതായി. കുളിച്ചുകയറുന്നതിനിടെ ഇരുവരും കാല്‍വഴുതി ആഴം കൂടിയ ഭാഗത്തേക്ക് വീണുവെന്നാണ് പൊലീസിന്റെ നിഗമനം.

ഏറെനേരത്തെ തിരച്ചിലിന് ശേഷമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആല്‍ബിനും മൂന്നു സുഹൃത്തുക്കളും ഒന്നിച്ചാണ് പല്ലനയിലെത്തിയത്. അഭിമന്യുവിനൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. രണ്ടു സംഘങ്ങളായി വന്നവര്‍ ഒരേ കടവില്‍ കുളിക്കുകയായിരുന്നു.
രക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും അടിയൊഴുക്കുണ്ടായിരുന്നതിനാല്‍ വിഫലമായി. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരും തൃക്കുന്നപ്പുഴ പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആലപ്പുഴയില്‍ നിന്നെത്തിയ അഞ്ചംഗ സ്‌കൂബാ സംഘം 4.30ന് പാലത്തിന് സമീപത്തുനിന്ന് ആല്‍ഫിന്റെയും 6.30ന് അഭിമന്യുവിന്റെയും മൃതദേഹം കണ്ടെത്തി. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
റിട്ട. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോയിയുടെയും കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫീസിലെ അറ്റന്‍ഡര്‍ റെജി മോളുടെയും മകനാണ്. സഹോദരി: ആര്‍ദ്ര. കരുവാറ്റ എന്‍എസ്എസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിമന്യു. അനീഷിന്റെയും രഞ്ജിനിയുടെയും മകനാണ്. സഹോദരി: ആദ്യ.












Click it and Unblock the Notifications