ഗോപിനാഥ് മുതുകാടിന് യുഎഇ ഗോള്‍ഡന്‍ വിസ; സ്വന്തമാക്കിയത് ഹ്യൂമനിറ്റേറിയൻ പയനീർ വിഭാഗത്തില്‍
ദുബായ്: പ്രഭാഷകനും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ. ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മുതുകാടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഹ്യൂമനിറ്റേറിയൻ പയനീർ വിഭാഗത്തിലാണ് വീസ ലഭിച്ചത്. അപൂർവ്വം ചിലർക്ക് മാത്രമാണ് ഈ വിഭാഗത്തില്‍ വിസ ലഭിച്ചിട്ടുള്ളത്. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ഗോപിനാഥ് മുതുകാട് 10 വർഷത്തെ വീസ സ്വീകരിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളാണ് ഇ സി എച്ച് ഡിജിറ്റൽ.
മുതുകാട് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പ്രവാസലോകത്തിന്റെ ആദരവാണ് ഗോള്‍ഡന്‍ വിസയെന്നാണ് വിസ നല്‍കികൊണ്ട് ഇഖബാല്‍ മാർക്കോണി വ്യക്തമാക്കിയത്. ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി മുഴുവന്‍ സമയം പ്രവർത്തിക്കുന്നതിനായി തന്റെ മാജിക് പൂർണ്ണമായും മുതുകാട് ഉപേക്ഷിച്ചിരുന്നു. ഇപ്പോഴും മുഴുവന്‍ സമയവും ജീവകാരുണ്യ പ്രവർത്തനങ്ങളില്‍ കേന്ദ്രീകരിക്കുകയാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം ഭാവനയ്ക്കും യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഇ സി എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തിയായിരുന്നു ഭാവനയും ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. മലയാളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ നായിക അഞ്ജലി അമീറിനും ഇ.സി.എച്ച് സഹകരണത്തിലാണ് ഗോള്‍ഡന്‍ വിസ സമ്മാനിച്ചിരുന്നത്. നേരത്തെ മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖർ, ടൊവിനോ, ദിലീപ് തുടങ്ങിയ ഒട്ടനവധി താരങ്ങളും ഇതിനോടകം ഗോള്‍ഡന്‍ വീസ കരസ്ഥമാക്കിയിട്ടുണ്ട്.
കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യു എ ഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യു എ ഇ ഗോൾഡൻ വിസയുടെ കാലാവധി. 2019 ജൂണിലാണ് യു എ ഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ചത്. അടുത്തിടെ ഗോള്‍ഡന്‍ വിസയുടെ നിബന്ധനകളില്‍ യു എ ഇ വലിയ ഇളവ് വരുത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications