യുഎഇ ഞെട്ടിച്ചു; പാസ്പോർട്ടിന് ഇത്രയും കുറഞ്ഞ നിരക്കോ? കൂടുതല്‍ നല്‍കേണ്ടത് അവർ, 19481 രൂപ
വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക തയ്യാറാക്കുന്നത്. ഈ പട്ടികപ്രകാരം നിലവില്‍ ഏറ്റവും ശക്തമായ പാസ്പോർട്ട് സിംഗപ്പൂരിന്റേതാണ്. 195 രാജ്യങ്ങളിലേക്കാണ് സിംഗപ്പൂരിന്റെ പാസ്പോർട്ട് ഉടമകള്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുക. പട്ടികയില്‍ 82-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ പാസ്പോർട്ട് ഉടമകള്‍ക്ക് 58 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുക.
ഏത് രാജ്യത്തെ പൗരനും വിദേശ യാത്രകള്‍ക്ക് പാസ്പോർട്ട് ആവശ്യമാണ്. ഇന്ത്യക്കാർക്ക് നേപ്പാളിലേക്കും ഭൂട്ടാനിലേക്കും പാസ്‍പോർട്ട് ആവശ്യമില്ലാത്തത് പോലെ ചില അയല്‍ രാജ്യങ്ങളിലേക്ക് ഒഴികെ ശേഷിക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര യാത്രകള്‍ക്കെല്ലാം പാസ്പോർട്ട് വേണം. കൃത്യമായ രീതിയിലുള്ള അപേക്ഷ നടപടികള്‍ പൂർത്തീകരിച്ചതിന് ശേഷം പാസ്പോർട്ട് ഓഫീസുകളാണ് പാസ്പോർട്ടുകള്‍ അനുവദിക്കുന്നത്. ഇതിന് പ്രത്യേക ഫീസും ഈടാക്കും. വിവിധ രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ ഫീസ് 1500 മുതല്‍ 19000 രൂപ വരെ വരും.

നിലവില്‍ ലോകത്ത് ഏറ്റവും ചിലവേറിയ പാസ്പോർട്ട് അമേരിക്കയുടേയുടേതോ യുകെയുടേതൊന്നുമല്ല, അത് ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയുടേതാണ്. കമ്പയർ ദി മാർക്കറ്റിന്റെ റിപ്പോർട്ട് പ്രകാരം പത്ത് വർഷം കാലാവധിയുള്ള മെക്സിക്കോയുടെ പാസ്പോർട്ടിന് അപേക്ഷ ഫീസായി ഈടാക്കുന്നത് 230.85 ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുയാണെങ്കില്‍ 19481 രൂപ.
ഏറ്റവും ചിലവേറിയ പാസ്പോർട്ടുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് വരുന്നത് ഓസ്ട്രേലിയയാണ്. പത്ത് വർഷം കാലാവധിയുള്ള ഒരു ഓസ്ട്രേലിയന്‍ പാസ്പോർട്ട് സ്വന്തമാക്കണമെങ്കില്‍ 19041 രൂപ അപേക്ഷ ഫീസായി നല്‍കണം. 13868 രൂപയുമായി അമേരിക്ക അഞ്ചാമതാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം എന്നത് മെക്സിക്കോയുടെ തന്നെ 6 വർഷത്തെയും 3 വർഷത്തെയും കാലാവധിയുള്ള പാസ്‌പോർട്ടുകളാണ് പട്ടികയില്‍ നാലാമതും അഞ്ചാമതും വരുന്നത്. യഥാക്രമം 17072.44 രൂപയും 12557.24 രൂപയാണ് നല്‍കേണ്ടത്.
പട്ടിക പ്രകാരം ഏറ്റവും ചിലവ് കുറഞ്ഞ പാസ്പോർട്ട് യു എ ഇയുടേതാണ്. കേവലം 1400 രൂപയുണ്ടെങ്കില്‍ യു എ ഇ പാസ്പോർട്ട് ലഭിക്കും. യു എ ഇ കഴിഞ്ഞാല്‍ ചിലവ് കുറവിന്റെ കാര്യത്തില്‍ രണ്ടാമത് വരുന്നത് ഇന്ത്യയാണ്. പത്ത് വർഷം കാലാവധിയുള്ള ഇന്ത്യന്‍ പാസ്‍പോർട്ട് സ്വന്തമാക്കാണമെങ്കില്‍ 1524 രൂപയാണ് നല്‍കേണ്ടത്. ഇന്ത്യയ്ക്കും യുഎഇയ്ക്കും പുറമെ, ഹംഗറി, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കും ആഗോളതലത്തിൽ ചിലവ് കുറഞ്ഞ പാസ്‌പോർട്ടുകൾ ഉണ്ട്.












Click it and Unblock the Notifications