'യുഎഇയും ഖത്തറും ബഹറൈനും കുവൈത്തും ഒമാനും സൗദിയും ഇറാൻ്റെ ശത്രുക്കളല്ല,ഓർമ്മ വേണം'
അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിനെ തുടർന്ന് തിരിച്ചടി കൂടുതൽ ശകമാക്കിയിരിക്കുകയാണ് ഇറാൻ. ഗൾഫ് രാജ്യങ്ങളിലേതടക്കമുള്ള യുഎസിൻ്റെ സൈനിക കേന്ദ്രങ്ങളെയാണ് ഇറാൻ ലക്ഷ്യം വെച്ചിരിക്കുന്നത്. എന്നാൽ ഗൾഫ് രാജ്യങ്ങളാകരുത് ഇറാൻ്റെ ശത്രുക്കളെന്നും മറിച്ച് യുഎസിനെ മാത്രമായിരിക്കണം ഇറാൻ്റെ അടുത്ത ഭരണാധികാരി ലക്ഷ്യം വെയ്ക്കേണ്ടതെന്നും പറയുകയാണ് കെടി ജലീൽ എംഎൽഎ. അമേരിക്കയും ഇസ്രായേലും ആഗ്രഹിക്കുന്നത് ഗൾഫ് രാഷ്ട്രങ്ങളുടെ നാശമാണെന്നും അതിനുതകും വിധം ഇറാൻ്റെ ഭാഗത്തു നിന്ന് ഒരു ശ്രമവും ഉണ്ടാകാതെ നോക്കാൻ അലി ഖാംനായിയുടെ പിൻമുറക്കാരന് ഉത്തരവദിത്തമുണ്ടെന്നും കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. വായിക്കാം

'വസ്സലാം ആയത്തുള്ളാ അലി ഖാംനായ്! ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ളാ അലി ഖാംനായ് രക്തസാക്ഷിയായിരിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായി വീരമരണം പ്രാപിച്ച പതിനായിരക്കണക്കിന് മനുഷ്യരിൽ ഏറ്റവും പ്രമുഖനായി എൺപത്തി ആറുകാരനായ അലി ഖാനായിയുടെ പേർ ചരിത്രത്തിൽ തിളങ്ങി നിൽക്കും. ആയത്തുള്ളാ റൂഹുള്ളാ ഖുമൈനിയുടെ പിൻഗാമിയായി ഇറാൻ്റെ ഭൗതിക-ആത്മീയ നേതൃത്വത്തിലേക്ക് വന്ന അലി ഖാംനായ് സൗമ്യതയുടെയും ലാളിത്യത്തിൻ്റെയും പ്രതീകമായി ജീവിച്ച് തൻ്റെ നാടിനെ അഭിവൃദ്ധിയിലേക്ക് നയിച്ചു. അമേരിക്കയുടെയും ഇസ്രായേലിൻ്റെയും കണ്ണിലെ കരടായി മാറിയ ഖാംനായി എന്ന വയോവൃദ്ധനെ വകവരുത്താൻ കുറച്ചുകാലമായി ട്രംപും നെതന്യാഹുവും തക്കം പാർത്തിരിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇസ്രായേൽ ഏകപക്ഷീയമായി ഇറാനെ അക്രമിച്ച് നടത്തിയ യുദ്ധത്തിലും മുഖ്യലക്ഷ്യം അലി ഖാംനായ് ആയിരുന്നു.
തൻ്റെ മരണം മുന്നിൽ കണ്ട അലി ഖാംനായ് സ്വന്തം ജീവനുവേണ്ടി ഇറാൻ്റെ അഭിമാനം അടിയറവെക്കാൻ തയ്യാറായില്ല. മരണമാണ് തനിക്ക് ദൈവം തരുന്നതെങ്കിൽ അതു സ്വീകരിക്കാൻ ഒരുങ്ങിയിരുന്നു ആ ധീരൻ. പിൻഗാമിയെ അടക്കം നിശ്ചയിച്ച് എല്ലാ നിർദ്ദേശങ്ങളും അനുചരൻമാർക്കു നൽകി. പശ്ചിമേഷ്യയിലെ എണ്ണപ്പാടങ്ങളിൽ കണ്ണുവെച്ച് നടന്ന അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ നിന്ന എല്ലാവരെയും ഒന്നൊന്നായി കയ്യൂക്ക് കൊണ്ട് തീർക്കുകയാണ് ലോക പോലീസ് ചെയ്തത്. റംസാൻ്റെ ആദ്യ പത്തിലെ അവസാന നിമിഷങ്ങളിലാണ് അലി ഖാംനായ് വീര രക്തസാക്ഷിത്വം വരിച്ചത്. ഇന്ത്യയുമായി നല്ല ബന്ധത്തിലാണ് അലി ഖാംനായ് വർത്തിച്ചത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഖാംനായിയും ഇറാനും ഇന്ത്യയുടെ കൂടെ നിന്നു. നമ്മുടെ രാജ്യത്തിൻ്റെ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു സുഹൃത്തിനെയാണ് അലി ഖാംനായിയുടെ രക്തസാക്ഷിത്വത്തിലൂടെ നഷ്ടമായത്. ദൗർഭാഗ്യവശാൽ ഖാംനായിയുടെ വധത്തെ അപലപിക്കാൻ നരേന്ദ്രമോദി ഇതുവരെയും തയ്യാറായിട്ടില്ല. സ്നേഹത്തിനു പകരം സ്നേഹം നൽകാൻ ഇന്ത്യക്കായില്ലെന്ന് ചുരുക്കം.
അമ്മാറും യാസിറും ഹംസയും ഉമറും ഉസ്മാനും അലിയും ഹസനും ഹുസൈനും സദ്ദാം ഹുസൈനും മുഹമ്മർ ഗദ്ദാഫിയുമുള്ള ലോകത്തേക്ക് യാത്രയായ ഇറാൻ്റെ പരമോന്നത നേതാവെ അങ്ങേക്കു സലാം. പ്രവാചകർക്കൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാൻ അവസരം ലഭിച്ച അങ്ങ് ഭാഗ്യവാനാണ്. 86 വയസ്സുവരെയും സിംഹത്തെപ്പോലെ താങ്കൾ ജീവിച്ചു. ഒരു ബാഹ്യശക്തിയുടെ മുന്നിലും തല കുനിച്ചില്ല, മുട്ടു മടക്കിയില്ല, അഭിമാനം അടിയറ വെച്ചില്ല, കീഴടങ്ങിയില്ല. ലോകത്തിനു മുന്നിൽ തല ഉയർത്തിപ്പിടിച്ചു തന്നെ നിന്നു. ജനമനസ്സുകളിൽ നിന്ന് ഒരിക്കലും മായാത്ത തലപ്പാവും പ്രസന്ന മുഖവും നരച്ച നീണ്ട താടിയും ആകർഷകമായ പുഞ്ചിരിയും ദയാർദ്രമായ മുഖവും സൗമ്യ ഭാവവും തലയെടുപ്പുള്ള അസാമാന്യ വ്യക്തിത്വവും അവശേഷിപ്പിച്ച് പരലോകം പൂകിയ മഹാമാനുഷരെ അങ്ങേക്ക് പ്രാർത്ഥനാ നിർഭരമായ വിട.......
അമേരിക്കയും ഇസ്രായേലും ആഗ്രഹിക്കുന്നത് ഗൾഫ് രാഷ്ട്രങ്ങളുടെ നാശമാണ്. അതിനുതകും വിധം ഇറാൻ്റെ ഭാഗത്തു നിന്ന് ഒരു ശ്രമവും ഉണ്ടാകാതെ നോക്കാൻ അലി ഖാംനായിയുടെ പിൻമുറക്കാരന് ഉത്തരവദിത്തമുണ്ട്. എല്ലാ മിസൈലുകളും ഡ്രോണുകളും ട്രംപിനും നെതന്യാഹുവിനും നേർക്കാവട്ടെ. യു.എ.ഇയും, ഖത്തറും ബഹറൈനും, കുവൈത്തും, ഒമാനും, സൗദിയും ഇറാൻ്റെ ശത്രുക്കളല്ല. ആ ഓർമ്മ ഇറാനിലെ പുതിയ നേതൃത്വത്തിന് ഉണ്ടാവണം. ലക്ഷക്കണക്കിന് മലയാളികളുടെ ജീവിതത്തിനുമേലും അവർക്ക് അഭയം നൽകുന്ന അറബ് ഭരണകൂടങ്ങളുടെ സ്വപ്നങ്ങൾക്കു മേലും ആശങ്കയുടെ നിഴൽ പടർത്താതെ ഇറാൻ സൈന്യം സസൂക്ഷ്മം നോക്കണം.
അതോടൊപ്പം ഇറാനെ തകർക്കാൻ അറബ് രാജ്യങ്ങൾ അമേരിക്കക്ക് ചൂട്ടുപിടിച്ച് കൊടുക്കരുത്. തങ്ങളുടെ രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങളിൽ നിന്ന് ഇറാൻ ലക്ഷ്യമാക്കിയുള്ള മിസൈലുകളും ബോംബർ വിമാനങ്ങളും പറന്നുയരാതിരിക്കാനുള്ള ജാഗ്രത ഗൾഫ് മേഖലയിലെ ഭരണാധികാരികളും കാണിക്കണം. കെൽപ്പും തൻ്റേടവുമുള്ള രാഷ്ട്രനേതാക്കളെ മുഴുവൻ ഇല്ലാതാക്കി ലോകം മുഴുവൻ കാൽക്കീഴിൽ ഒതുക്കാനാണ് ലോക തെമ്മാടികളായ റൊണാൾഡ് ട്രംപും നെതന്യാഹുവും ശ്രമിക്കുന്നത്. പരസ്പരം തമ്മിലടിച്ച് തീരാനുള്ളതല്ല മദ്ധ്യപൗരസ്ത്യ രാഷ്ട്രങ്ങളിലെ എണ്ണ സമ്പത്തും മനുഷ്യരും. ആ ഓർമ്മ ഇറാനും ഗൾഫ് രാജ്യങ്ങൾക്കും ഒരുപോലെ ഉണ്ടാവണം. ഒറ്റ മുദ്രാവാക്യമേ എങ്ങും എവിടെയും ഉണ്ടാകാൻ പാടുള്ളൂ. ചലോ ചലോ ഇസ്രായേൽ, ചലോ ചലോ വൈറ്റ് ഹൗസ്....
-
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ












Click it and Unblock the Notifications