യുഎഇക്ക് മുന്നില്‍ സൗദി അറേബ്യ അടിയറവ് പറഞ്ഞു; കുതിച്ച് മുബദാല: 29.2 ബില്യൺ ഡോളർ നിക്ഷേപം
സോവറിൻ വെൽത്ത് ഫണ്ടുകളിൽ (രാജ്യത്തിന്റെ പരമാധികാര സമ്പത്ത്) 2024 ല്‍ ലോകത്തെ ഏറ്റവും വലിയ നിക്ഷേപകരായി യു എ ഇയുടെ മുബദാല. 29.2 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് മുബദാല കഴിഞ്ഞ വർഷം നടത്തിയത്. 2023 ല്‍ ഇത് 17.5 ബില്യൺ ഡോളർ മാത്രമായിരുന്നു. ഗ്ലോബൽ എസ്‌ഡബ്ല്യുഎഫ് ബുധനാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് അനുസരിച്ച് മുബദാല മുൻ വർഷത്തെ അപേക്ഷിച്ച് 52 കരാറുകളിലൂടെ 2024-ൽ 67 ശതമാനം അധിക മൂലധന വിന്യാസം നടത്തി.
2024-ൽ 1.11 ട്രില്യൺ ഡോളർ ആസ്തിയുമായി (4 ട്രില്യൺ ദിർഹം) മെന മേഖലയിലെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ടാണ് അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി (ആഡിയ). കുവൈത്ത് ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി, സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് (പി ഐ എഫ്), ഖത്തർ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി (ക്യു ഐ എ), ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ദുബായ് (ഐ സി ഡി), മുബദാല, എഡിക്യു, എന്നിവായാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്.

അതേസമയം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) മുതൽ ഹെൽത്ത്‌കെയർ വരെയുള്ള മേഖലകളിലാണ് മുബദാല തങ്ങളുടെ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. 2024-ൽ ലോകമെമ്പാടുമുള്ള സോവറിൻ വെൽത്ത് ഫണ്ടുകൾ 136.1 ബില്യൺ ഡോളറാണ് ചിലവഴിച്ചതെങ്കില്‍ ഇതില്‍ ഏകദേശം 20 ശതമാനവും മുബദാലയുടേതാണെന്നതാണ് ശ്രദ്ധേയം. ചെലവുകൾ കുറയ്ക്കുകയും രാജ്യത്തിനുള്ളിലെ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ടിനെ മറികടക്കാനും മുബദാലയ്ക്ക് സാധിച്ചു.
ഗ്ലോബൽ എസ്‌ഡബ്ല്യുഎഫിന്റെ റിപ്പോർട്ട് പ്രകാരം സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ടിന്റെ നിക്ഷേപച്ചെലവ് 2024ൽ 19.9 ബില്യൺ ഡോളറായിരുന്നു. മുന്‍ വർഷത്തെ 31.6 ബില്യണ്‍ ഡോളറില്‍ നിന്നും 37 ശതമാനത്തിന്റെ ഇടിവാണ് ഇത്തവണയുണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെയാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന സോവറിന്‍ വെല്‍ത്ത് ഫണ്ടെന്ന സ്ഥാനം സൗദി അറേബ്യക്ക് യുഎഇക്ക് മുന്നില്‍ വെച്ച് കീഴടങ്ങേണ്ടി വന്നത്.
യു എ ഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദിൻ്റെ സഹോദരങ്ങളുടെ മേൽനോട്ടത്തിലാണ് യുഎഇയുടെ മൂന്ന് പ്രധാന വെൽത്ത് ഫണ്ടുകളിൽ ഒന്നായ മുബദാല പ്രവർത്തിക്കുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള മാനേജ്മെൻ്റ് സ്ഥാപനമായ അപ്പോളോ പോലുള്ള കമ്പനികളുമായി മുബദാലയ്ക്ക് കരാറുകളുണ്ട്. നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി വളരെ അടുത്ത ബന്ധമുള്ളത് അമേരിക്കൻ നിക്ഷേപകന്‍ മാർക്ക് റോവന്റെ സ്ഥാപനമാണ് അപ്പോളോ.
യുഎഇയുടെ നിയന്ത്രണത്തിലുള്ള സോവറിൻ ഫണ്ടുകൾ കഴിഞ്ഞ വർഷം ആകെ 57.6 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചതായി റിപ്പോർട്ട് പറയുന്നു. എന്നാല്‍ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ വിഷൻ 2030 മെഗാ പ്രോജക്റ്റുകൾക്കായി കൂടുതൽ ഫണ്ട് വിനിയോഗിക്കുന്നതിനാൽ സൗദി അറേബ്യയുടെ പി ഐ എഫിന് ആഗോളതലത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ സാധിച്ചതുമില്ല. സൗദി ആഭ്യന്തര വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പി ഐ എഫ് ഗവർണർ യാസിർ അൽ റുമയ്യൻ ഒക്ടോബറിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിലൂടെ എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍ നിർത്തിയാണ് സൗദി ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. സ്വന്തം നിക്ഷേപത്തിന് പുറമെ വിദേശ നിക്ഷേപത്തേയും പദ്ധതികള്‍ക്കായി രാജ്യം ആശ്രയിക്കുന്നു. 1.5 ട്രില്യൺ ഡോളറിൻ്റെ മെഗാസിറ്റി പ്രോജക്‌റ്റായി അവതരിപ്പിക്കപ്പെട്ട നിയോം അടക്കമുള്ള വന്‍ പദ്ധതികളാണ് അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ സൗദിക്ക് പൂർത്തീകരിക്കാനുള്ളത്. ഈ സാഹചര്യത്തില്‍ വരും വർഷങ്ങളിലും മറ്റ് രംഗത്തുള്ള സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ നിക്ഷേപം ചെറുതായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications