യുഎപിഎ അറസ്റ്റ്; വിദ്യാർത്ഥികളുടെ കസ്റ്റഡി കാലാവധി നീട്ടി, പാർട്ടി ഒപ്പമുണ്ടെന്ന് താഹ!
കോഴിക്കോട്: യുഎപിഎ കേസിൽ അറസ്റ്റിലായ താഹ ഫസൽ, അലൻ ഷുഹൈബ് എന്നിവരുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. വിശദമായി ചോദ്യം ചെയ്യാനും, തെളിവെടുപ്പിനുമായി തിങ്കളാഴ്ചവരെയാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതേസമയം, താഹയും അലനും അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.
അതേസമയം മാവോയിസ്റ്റ് ആണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു താഹയുടെ മറുപടി. പോലീസ് മർദിച്ചുവെന്ന് താഹ പരാതിപ്പെട്ടു. തങ്ങളെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് പാർട്ടി അറിയിച്ചുണ്ടെന്നും, അത് സ്വാഭാവിക നടപടി മാത്രമാണെന്നും താഹ ഫസൽ പറഞ്ഞു. പാർട്ടി തങ്ങൾക്കൊപ്പമുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും താഹ പറഞ്ഞു . നിലവിലുള്ള അന്വേഷണ സംഘത്തെ വിപുലപ്പെടുത്താനും ആലോചന. നാളെ നടക്കുന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും.

ലഘുലേഖകൾ വിതരണം ചെയ്തു
നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കണ്ണൂർ സർവകലാശാലയിലെ നിയമ ബിരുദ വിദ്യാർത്ഥിയും കോഴിക്കോട് സ്വദേശിയുമായ അലൻ ഷുഹൈബിനെയാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ലഘു ലേഖകൾ വിതരണം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.

സിപിഎമ്മിൽ ഭിന്നത?
അതേസമയം താഹ ഫസൽ, അലൻ ഷുഹൈബ് എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിൽ സിപിഎമ്മിൽ ഭിന്നതയുണ്ടെന്ന് റിപ്പോർട്ട്. സിപിഎം ജില്ലാകമ്മിറ്റിയും കീഴ്ഘടകങ്ങളും രണ്ട് തട്ടിലാണെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. . ഇവരെ പുറത്താക്കരുതെന്നാണ് കീഴ്ഘടകങ്ങളുടെ അഭിപ്രായമെങ്കിലും നടപടി വേണമെന്ന നിലപാടിലാണ് ജില്ലാകമ്മിറ്റി.

അന്വേഷണ കമ്മീഷൻ
ജില്ലാകമ്മിറ്റിക്ക് താത്പര്യമുള്ള മൂന്നുപേരാണ് അന്വേഷണ കമ്മിഷന് അംഗങ്ങളായിട്ടുള്ളത്. ആര് ബാലു, ബിജുലാൽ പയ്യാനക്കൽ, കെ ബൈജു എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. അലന്റെ പിതാവ് ഷുഹൈബുമായി അടുത്ത ബന്ധമുള്ള മുൻ ഏരിയ സെക്രട്ടറി കാനങ്ങോട്ട് ഹരിദാസിനെ അന്വേഷണ കമ്മിഷനിൽ ഉൾപ്പെടുത്തിയിട്ടുമില്ലെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഹരിദാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഏരിയകമ്മിറ്റി യോഗത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം രേഖപ്പെടുത്തി പത്ര കുറിപ്പ് ഇറക്കിയത് എന്നതും ശ്രദ്ധേയമാണ്.

പ്രാദേശിക ഘടകങ്ങൾ എതിർത്തു
അലന്റെയും താഹയുടെയും ബ്രാഞ്ചുകളും അവര്‍ ഉള്‍പ്പെടുന്ന ലോക്കല്‍ ഏരിയാ കമ്മിറ്റികളും ഇവരെ പുറത്താക്കുന്നതിന് എതിരാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സർക്കാരിന്റെ മുഖം രക്ഷിക്കാൻ നടപടിയെടുത്തേ തീരു എന്ന നിലപാടിലാണ് കോഴിക്കോട് ജില്ല കമ്മറ്റി. ലോക്കല്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിപി ദാസന് റിപ്പോർട്ട് ചെയ്തതും വിദ്യാർത്ഥികളുടെ മാവോയിസ്റ്റ് ബന്ധം തള്ളി കളയാനകില്ലെന്നായിരുന്നു. എനാൽ പോലീസ് കഥകൾ പൂർണ്ണമായും വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക ഘടകങ്ങൾ എന്നാണ് റിപ്പോർട്ടുകൾ.

പുറത്താക്കിയത് ജില്ല കമ്മറ്റി
അതത് ഘടകങ്ങളാണ് സാധാരണ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടത്. പക്ഷെ, അലന്റെയും താഹയുടെയും കാര്യത്തിൽ അവരുടെ ബ്രാഞ്ചുകൾ നടപടിക്ക് തയ്യാറായിട്ടില്ല. പിന്നീടാണ് ജില്ല കമ്മറ്റി നടപടി എടുക്കാൻ തീരുമാനിച്ചത്. പാര്‍ട്ടിയില്‍ വിഭാഗീയത കൊടുംപിരി കൊണ്ട കാലത്താണ് ഇത്തരത്തില്‍ മേല്‍കമ്മിറ്റികള്‍ ഇടപെട്ട് കീഴ്കമ്മി അംഗങ്ങളെ പുറത്താക്കുന്ന അസാധാരണ നടപടി ഉണ്ടായിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.