'യുഡിഎഫ് നടപടി ആർഎസ്എസ് അജണ്ടയ്ക്ക് മുന്നിലുള്ള ദയനീയമായ കീഴടങ്ങൽ'; രൂക്ഷവിമർശനവുമായി പിണറായി
സർവ്വകലാശാലാ നിയമങ്ങൾ യുജിസി ചട്ടങ്ങൾക്കനുസരിച്ച് ഭേദഗതി ചെയ്യാമെന്ന് സുപ്രീം കോടതിയിൽ രേഖാമൂലം എഴുതിനൽകിയ യുഡിഎഫ് സർക്കാർ നടപടി ഗവർണ്ണറെ ഉപയോഗിച്ച് സർവ്വകലാശാലകളെ വരുതിയിലാക്കാനുള്ള ആർഎസ്എസ് അജണ്ടയ്ക്ക് മുന്നിലുള്ള ദയനീയമായ കീഴടങ്ങലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സാങ്കേതിക സർവ്വകലാശാല, ഡിജിറ്റൽ സർവ്വകലാശാല എന്നിവിടങ്ങളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണ്ണറുടെ സെക്രട്ടറിയേറ്റും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള ആഗസ്ത് 22 ന്റെ ഒത്തുതീർപ്പു വ്യവസ്ഥകളിലാണ് യുജിസി ചട്ടം സംസ്ഥാന നിയമത്തെ മറികടക്കുമെന്ന വാദം സർക്കാർ അംഗീകരിച്ചു നൽകിയത്.ഇതോടെ, കഴിഞ്ഞ പത്ത് വർഷക്കാലം ഫെഡറൽ തത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ നടത്തിയ നിയമപോരാട്ടങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കിയിരിക്കുക മാത്രമല്ല, യുഡിഎഫ് സർക്കാർ പ്രതിരോധങ്ങളുടെ അവസാന നിയമ വഴിയും അടക്കുകയും ചെയ്തെന്ന് അദ്ദേഹം വിമർശിച്ചു.

'കേരളത്തിലെ യൂണിവേഴ്സിറ്റികളെ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്നും പൂർണ്ണമായും പുറത്തുകൊണ്ടുപോകുന്ന, ഉന്നതവിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ആത്മഹത്യാപരമായ തീരുമാനമാണിത്. സംസ്ഥാന സർവ്വകലാശാലകളുടെ കാര്യത്തിൽ ചാൻസലർ എന്ന നിലയിൽ ഗവർണ്ണർക്ക് ഭരണഘടന സ്വതന്ത്രമായ അധികാരങ്ങൾ നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സംസ്ഥാന നിയമസഭ പാസ്സാക്കുന്ന യൂണിവേഴ്സിറ്റി ആക്ടുകളുടെ പിൻബലത്തിലാണ് ഗവർണ്ണർമാർ ചാൻസലർമാരായി നിയമിതരാകുന്നത്. എന്നാൽ കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന യുജിസി റെഗുലേഷനുകളുടെ മറപിടിച്ച് സർവ്വകലാശാലകളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനാണ് ഗവർണ്ണർമാരെ ഉപയോഗിച്ച് സംഘപരിവാർ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. യുജിസി റെഗുലേഷൻ എന്നത് പാർലമെന്റ് പാസ്സാക്കിയ നിയമമല്ലെന്നും, സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമങ്ങൾക്കാണ് സർവ്വകലാശാലകളിൽ പ്രാബല്യമെന്നുമുള്ള നിയമവാദങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് സർക്കാർ ചാൻസലറായ ഗവർണ്ണറുടെ അമിതാധികാര പ്രവണതകളെ ചെറുത്തുനിന്നത്.
സാങ്കേതിക സർവ്വകലാശാല, ഡിജിറ്റൽ സർവ്വകലാശാല എന്നിവിടങ്ങളിലെ വി.സി. നിയമനവുമായി ബന്ധപ്പെട്ട് ഗവർണ്ണർ ഏകപക്ഷീയമായി മുന്നോട്ടുപോയപ്പോൾ അതിനെ നിയമപരമായി ചോദ്യം ചെയ്യാനാണ് എൽഡിഎഫ് സർക്കാർ തയ്യാറായത്. വി.സി. നിയമനം സംസ്ഥാന സർക്കാർ നൽകുന്ന ലിസ്റ്റിൽ നിന്നാവണം എന്ന ഹൈക്കോടതി വിധിക്കെതിരെ ഗവർണ്ണർ സുപ്രീം കോടതിയെ സമീപിച്ചപ്പോഴും ഗവർണർക്ക് അനുകൂലമായ വിധിയുണ്ടായില്ല. ഒടുവിൽ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സുധാംശു ധൂലിയാ കമ്മിറ്റിക്ക് മുൻപാകെ വിഷയം എത്തിയപ്പോഴും, സംസ്ഥാന സർക്കാരിന്റെ നിയമപോരാട്ടങ്ങൾക്ക് ഒരു കോട്ടവും തട്ടാത്ത രീതിയിൽ, യുജിസി ചട്ടങ്ങളുടെ മേൽക്കൈ അംഗീകരിക്കാതെയാണ് എൽഡിഎഫ് സർക്കാർ നിലപാട് സ്വീകരിച്ചത്. എന്നാൽ, നിലവിലെ യുഡിഎഫ് സർക്കാർ യുജിസി ചട്ടങ്ങൾക്കനുസൃതമായി യൂണിവേഴ്സിറ്റി ആക്ടുകൾ മുഴുവൻ ഭേദഗതി ചെയ്യാനുള്ള നയപരമായ തീരുമാനം തന്നെ കൈക്കൊണ്ടു. ഒരാഴ്ചക്കാലം രഹസ്യമാക്കി വെച്ച ആ തീരുമാനം പുറത്ത് വന്നപ്പോഴാവട്ടെ, വകുപ്പ് മന്ത്രി മുൻ എൽഡിഎഫ് സർക്കാരിൻ്റെ തലയിലിടാനാണ് ശ്രമിച്ചത്. കോൺഗ്രസ് സർക്കാർ എടുത്ത തീരുമാനം അവർക്ക് പോലും ന്യായീകരിക്കാൻ കഴിയാത്ത വിധം പരിഹാസ്യമായതിൻ്റെ മറ്റൊരു ഉദാഹരണമാണ് വകുപ്പു മന്ത്രിയുടെ നിലപാട്.
ഉന്നതവിദ്യാഭ്യാസ മേഖല കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടകൾക്ക് കേരളത്തിന്റെ സർവ്വകലാശാലകളെ തുറന്നിട്ടുകൊടുക്കുന്ന ഈ കീഴടങ്ങൽ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. സർവ്വകലാശാലാ ഭരണം ഗവർണ്ണറെ ഏൽപ്പിച്ചുകൊണ്ട് സമ്പൂർണ വിധേയത്വം പ്രകടിപ്പിക്കുന്ന നിലപാടുമായി മുന്നോട്ടുപോവാനാണ് യുഡിഎഫ് സർക്കാരിന്റെ പരിപാടിയെന്ന് കൂടുതൽ വ്യക്തമാവുകയാണ്. ഒരു ബിജെപി സർക്കാരിൽ നിന്ന് മാത്രം പ്രതീക്ഷിക്കാവുന്ന ഒന്നായിപ്പോയി യു ഡി എഫ് സർക്കാരിൻ്റെ നിലപാട്',പിണറായി പറഞ്ഞു.


Click it and Unblock the Notifications