'സര്‍ക്കാരിനെ താഴെയിറക്കില്ല, മുഖ്യമന്ത്രി രാജിവെക്കണം'; യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ യു ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു. റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് യു ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം. രാവിലെ 6.30 നാണ് ഉപരോധം ആരംഭിചച്ചത്.
9.30 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ഉപരോധ സമരത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടക കക്ഷി നേതാക്കള്‍, എം എല്‍ എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 'റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം' എന്ന യു ഡി എഫ് സമരത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ പ്രതിഷേധം.

സ്വര്‍ണ്ണക്കള്ളക്കടത്ത്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, ബന്ധുനിയമനം, കിഫ്ബി തുടങ്ങി സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് യു ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം. അതേസമയം ജീവനക്കാരെ തടയില്ലെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി രാജിവയക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
'സര്‍ക്കാരിനെ താഴെയിറക്കാന്‍ ഉദ്ദേശമില്ല. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ല. പിണറായി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കണം,' വിഡി സതീശന്‍ പറഞ്ഞു. എഐ ക്യാമറ വിവാദം, കെഫോണ്‍ അഴിമതി, മാസപ്പടി വിവാദം തുടങ്ങിയവയില്ലെലാം മുഖ്യമന്ത്രി തന്നെയാണ് പ്രതിക്കൂട്ടിലെന്നും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ല എന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.
ഇന്ന് രാവിലെ ആറ് മണി മുതല്‍ തന്നെ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയിരുന്നു. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് യു ഡി എഫ് സെക്രട്ടറിയേറ്റ് വളഞ്ഞ് സമരം ചെയ്യുന്നത്. സെക്രട്ടറിയേറ്റ് വളപ്പിലെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കും എന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം നഗരത്തില്‍ ഗതാഗത തടസം ഒഴിവാക്കാന്‍ വാഹനങ്ങളുടെ പാര്‍ക്കിംഗിന് ഉള്‍പ്പടെ പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് പൊലീസ്. പതിനാല് ഡി വൈ എസ് പിമാരുടെ നേതൃത്വത്തില്‍ 1500 ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.












Click it and Unblock the Notifications