'പിണറായിയെ കണ്ടാല്‍ മഹാബലി പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തും'; പരിഹസിച്ച് എംഎം ഹസന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി യു ഡി എഫ് കണ്‍വീനറും കോണ്‍ഗ്രസ് നേതാവുമായ എം എം ഹസന്‍. കേരളത്തിലെ ജനങ്ങളെ പട്ടിണിക്കിട്ട് അവരുടെ ഓണം കണ്ണീരോണമാക്കിയ ഭരണാധികാരിയാണ് പിണറായി വിജയനെന്ന് എം എം ഹസന്‍ പറഞ്ഞു. പിണറായിയെ കണ്ടാല്‍ മഹാബലി പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷകരോട് പിണറായി വിജയന്‍ കാണിച്ചത് അനീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ പുരാണം മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കും എന്നായിരുന്നു എം എം ഹസന്റെ പരിഹാസം. ' എന്തായാലും കേരളത്തില്‍ സെക്രട്ടറിയേറ്റ് വഴി മാവേലി വരും. ക്ലിഫ് ഹൗസ് വഴി പോയാല്‍ മാവേലി പണ്ടത്തെ കഥ മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കും. വാമനന്‍ മഹാബലിയോട് വരം ചോദിച്ചപ്പോഴാണ് അദ്ദേഹം തലതാഴ്ത്തികൊടുത്തത്.

മഹാബലി വരുന്ന ദിവസം കേരളത്തിലെ ജനങ്ങളെ പട്ടിണിക്കിട്ട് പട്ടിണി ഓണമാക്കിയ കണ്ണീരോണമാക്കിയ പിണറായി വിജയന്റെ തലയില്‍ ചവിട്ടി അദ്ദേഹത്തെ പാതാളത്തിലേക്ക് താഴ്ത്തും,' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മഹാബലി വരുന്നത് ഇവിടെ ജനങ്ങളുടെ സമൃദ്ധിയും സന്തോഷവും കാണാനാണെന്നും ഈ ഓണക്കാലത്ത് കൃഷിക്കാരോട് അനീതിയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ഓണം ആഘോഷിക്കാന്‍ എത്ര കോടി രൂപയാണ് ചെലവഴിക്കുന്നത്. ഈ ധൂര്‍ത്തും ആഢംബരവും നടത്താന്‍ കൃഷിക്കാരുടെ പണമെടുത്ത് ചെലവഴിച്ച ശേഷം അവരോട് പറഞ്ഞിരിക്കുന്നത് ഓണം കഴിഞ്ഞ് നിങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് വായ്പ ലഭ്യമാക്കാം എന്നാണ് എന്നും എം എം ഹസന്‍ ചൂണ്ടിക്കാട്ടി. ' ലോണ്‍ തരാം 25 ശതമാനമെന്നാണ് കര്‍ഷകരോട് പറയുന്നത്. ഇത് അങ്ങേയറ്റത്തെ അന്യായമാണ് എന്നും യു ഡി എഫ് കണ്‍വീനര്‍ പറഞ്ഞു.
ജനങ്ങള്‍ ഓണക്കിറ്റ് പ്രതീക്ഷിച്ചിരിക്കുകയാണെന്നും മഹാബലി വന്ന് പോയാലും കിറ്റ് കിട്ടില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. കൃഷിക്കാരുടെ അതേ അവസ്ഥയാണ് നമ്മുടെ നാട്ടിലെ സാധാരണക്കാരുടേതുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് 87 ലക്ഷം പേര്‍ക്കാണ് ഓണക്കിറ്റ് നല്‍കിയത്. അന്ന് സാമ്പത്തിക പ്രതിസന്ധി, കൊറോണ തുടങ്ങിയ ന്യായങ്ങളാണ് പറഞ്ഞത്.
ഇപ്പോഴത് ആറരലക്ഷമാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി ജനങ്ങള്‍ക്കുമില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഉത്രാടപ്പാച്ചിലില്‍ ആളുകള്‍ കിറ്റിന് വേണ്ടി ഓടുകയാണ്. രാത്രി കഴിഞ്ഞ് രാവിലെ 12 മണിയായിട്ടും എല്ലാവര്‍ക്കും ഓണക്കിറ്റ് കിട്ടിയിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications