കെ റെയിലിനെതിരെ സമരമുഖം തുറന്ന് യുഡിഎഫ്; 100 ജനകീയ സദസ്സ് സംഘടിപ്പിക്കും
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ശക്തമായ സമരം തുടങ്ങാന്‍ യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനം. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധം സംസ്ഥാന വ്യാപമാക്കും. സമരത്തിന് സ്ഥിരം വേദി ഒരുക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങളില്‍ സ്ഥിരം സമരവേദി തയ്യാറാക്കി മുന്നണി നേതാക്കള്‍ തന്നെ സമരത്തിന് നേതൃത്വം നല്‍കും. സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി നിയമസഭ ചേരണമെന്നാണ് യു ഡിഎഫ് ആവശ്യപ്പെടുന്നത്. സംസ്ഥാനവ്യാപക സമരത്തിന് ഉന്നത നേതാക്കള്‍ നേതൃത്വം നല്‍കും. പദ്ധതി പ്രദേശങ്ങളില്‍ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴുതെറിയാന്‍ യോഗം ആഹ്വാനം ചെയ്തു.
സമരത്തില്‍ സമാന ചിന്താഗതിയുള്ള മുഴുവന്‍ പേരെയും അണിനിരത്താനാണ് തീരുമാനം. ഇതില്‍ രാഷ്ട്രീയം നോക്കില്ല . നേരത്തെ സിപിഎം നടത്തിയിരുന്ന സമരങ്ങളില്‍ പങ്കെടുക്കുന്ന ആരെയും വര്‍ഗീയമായോ അല്ലാതെയോ യുഡിഎഫ് കുറ്റപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ യു ഡി എഫ് സമരത്തില്‍ പങ്കെടുക്കുന്നവരെ വികസന വിരോധികളും വര്‍ഗീയ ശക്തികളും ആക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.

കേരളത്തെ രണ്ടായി വെട്ടിമുറിക്കുന്ന കെ റെയില്‍ പദ്ധതിക്കെതിരെ പദ്ധതി പ്രദേശത്തെ ഭൂമി നഷ്ടമാകുന്നവരെയും പദ്ധതിയെ എതിര്‍ക്കുന്ന ജനകീയ സമിതികളെയും ഒരുമിച്ച് ചേര്‍ത്ത് ജനുവരിയില്‍ നൂറ് ജനകീയ സദസ്സ് സംഘടിപ്പിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാത്ത മുഖ്യമന്ത്രി പൗര പ്രമുഖരോട് പദ്ധതി വിശദീകരിക്കുന്നത് വിരോധാഭാസമാണ്.
കെ റെയിലിന് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാനാണ് യുഡിഎഫ് കക്ഷി നേതാക്കള്‍ യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. പദ്ധതിക്കെതിരെ വീടുകയറിയുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നത് അടക്കമുള്ള സമരമുറകളും യോഗം ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി നേരിട്ട് പൗരപ്രമുഖരുടെ യോഗം വിളിച്ചു ചേര്‍ക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫ് ഉന്നതാധികാര യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തത്.
അതേസമയം, ഭരണഘടനാ ചുമതല സത്യസന്ധമായി നിര്‍വഹിക്കാന്‍ ആവുന്നില്ലെങ്കില്‍ ഗവര്‍ണര്‍ പദവി രാജിവെക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. കേരള ഗവര്‍ണര്‍ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂര്‍ വി സി നിയമനത്തിലെ തെറ്റ് തിരുത്താന്‍ ഗവര്‍ണര്‍ തയാറാകണം. കണ്ണൂര്‍ വിസി രാജിവെക്കുക, സര്‍വകലാശാലയില്‍ നടത്തിയ അനധികൃത നിയമനങ്ങള്‍ റദ്ദ് ചെയ്യുക, സര്‍വകലാശാലകളിലെ രാഷ്ട്രീയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ 14ന് സര്‍വകലാശാലകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications