പിണറായി വിഎസ് ഭിന്നത തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ യുഡിഎഫ് തീരുമാനം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നാഴ്ചമാത്രം ശേഷിക്കേ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ കൈയ്യില്‍ നിന്നും വീണുകിട്ടിയ ആയുധം ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്ന് യുഡിഎഫ് തീരുമാനം. സിപിഎം സംസ്ഥാന സമ്മേളനത്തിന് വിഎസ് അച്യുതാനന്ദനെതിരെ കൊണ്ടുവന്ന പ്രമേയം നിലനില്‍ക്കുന്നുണ്ടെന്ന പിണറായി വിജയന്റെ പരോക്ഷ പരാമര്‍ശം മുതലെടുക്കാനാണ് യുഡിഎഫ് ശ്രമം.
പിണറായിയുടെ പരാമര്‍ശത്തിന് പിന്നാലെ ഉമ്മന്‍ ചാണ്ടി, വിഎം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ വിഷയത്തില്‍ സിപിഎമ്മിനെതിരെ രംഗത്തിറങ്ങിയത് ഇതിന്റെ ഭാഗമായിട്ടാണ്. സിപിഎം സംസ്ഥാന സമ്മേനത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോയ വിവാദത്തില്‍ പോലും പ്രതികരിക്കാത്തവരാണ് പിണറായിയുടെ പരാമര്‍ശം ഏറ്റുപിടിച്ചിരിക്കുന്നത്.

തന്റെതെന്ന രീതിയില്‍ പുറത്തുവന്ന പരാമര്‍ശം തെറ്റാണെന്ന് പിണറായി വ്യക്തമാക്കിയിട്ടും വിഷയത്തില്‍ യുഡിഎഫ് നേതാക്കള്‍ പ്രതികരണം തുടരുകയാണ്. എരിതീയില്‍ എണ്ണ പകരാനെന്നവണ്ണം പ്രമുഖ മാധ്യമങ്ങളും വിഷയം സജീവമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിഎസ് അച്യുതാനന്ദന്റെ നിലപാട് തിരിച്ചടിയായി.
പിണറായി വിജയന്റെ പരാമര്‍ശമെന്ന പേരില്‍ പുറത്തുവന്നത് വിവാദമുണ്ടാക്കാനുള്ള മാധ്യമ ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിഎസ്സിന്റെ പ്രതികരണം. പിണറായി തന്നെ പരാമര്‍ശം തിരുത്തിയതോടെ വിവാദം അവസാനിച്ചെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, വിവാദം ഉണ്ടായ ദിവസം തന്നെ ധര്‍മടത്ത് വിഎസ് പ്രചരണത്തിനെത്തിയതും പിണറായിയെ വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചതും യുഡിഎഫ് കേന്ദ്രങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.












Click it and Unblock the Notifications