ചാലക്കുടിയില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്: ഇടത് ആത്മവിശ്വാസം രവീന്ദ്രനാഥിന്റെ ജനകീയതയില്‍
തൃശ്ശൂർ: പ്രൊഫസർ സി രവീന്ദ്രനാഥെന്ന ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കി ഇടുപക്ഷം മത്സരം കടുപ്പിച്ചെങ്കിലും ചാലക്കുടി മണ്ഡലം കൈവിടില്ലെന്ന പ്രതീക്ഷിയില്‍ യു ഡി എഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1.32 ലക്ഷം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമായിരുന്നു ബെന്നി ബഹനാന് ലഭിച്ചത്. ഇത്തവണ അത്രയൊന്നും ലഭിച്ചില്ലെങ്കിലും ചാലക്കുടിയില്‍ വിജയം സുനിശ്ചിതമാണെന്ന് യു ഡി എഫ് നേതാക്കള്‍ അടിവരയിടുന്നു.
തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് ചാലക്കുടി ലോക്സഭ മണ്ഡലത്തില്‍ വരുന്നത്. ഇതില്‍ കൈപമംഗലം, കൊടുങ്ങല്ലൂർ, കുന്നത്തുനാട് എന്നീ മണ്ഡലങ്ങള്‍ മാത്രമാണ് എല്‍ ഡി എഫിന്റെ കൈവശമുള്ളത്. ചാലക്കുടി, പെരുമ്പാവൂർ, അങ്കമാലി, ആലുവ എന്നിവിടങ്ങളില്‍ 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ആയിരുന്നു വിജയിച്ചത്.

നേരത്തെ മുകുന്ദപുരം ആയിരുന്നത് മുതല്‍ തന്നെ യു ഡി എഫിന് വ്യക്തമായ മേല്‍ക്കൈ മണ്ഡലത്തിലുണ്ട്. അടുത്ത് കാലത്ത് എല്‍ ഡി എഫിന് മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാനായത് 2014 ല്‍ മാത്രമായിരുന്നു. ഇന്നസെന്റിനെ സ്വതന്ത്രനായി രംഗത്ത് ഇറക്കിയ ഇടത് തന്ത്രം വിജയിക്കുകയും സീറ്റ് യു ഡി എഫിന് നഷ്ടമാകുകയുമായിരുന്നു.
ട്വന്റി ട്വന്റിയുടെ ശക്തമായ സാന്നിധ്യമാണ് ചാലക്കുടിയെ ഇത്തവണ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങളിൽ ട്വന്‍റി ട്വന്‍റി മൂന്നാം സ്ഥാനക്കാരായിരുന്നു. കുന്നത്തുനാട്ടില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ട്വന്റി-ട്വന്റി മേല്‍ക്കൈ നേടാനും സാധ്യതയുണ്ട്. ട്വന്‍റി ട്വന്‍റി സ്ഥാനാർഥി അഡ്വ. ചാർളി പോൾ 75,000 വോട്ടിന് മുകളിൽ നേടിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആലുവ, അങ്കമാലി , പെരുമ്പാവൂർ, ചാലക്കുടി മണ്ഡലങ്ങളില്‍ യു ഡി എഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. കയ്പമംഗലത്തും കൊടുങ്ങല്ലൂരിലുമാണ് എല്‍ ഡി എഫ് പ്രതീക്ഷ. ചാലക്കുടിയും കുന്നത്തുനാടും തങ്ങളോടൊപ്പം നില്‍ക്കുമെന്നും എല്‍ ഡി എഫ് കണക്ക് കൂട്ടുന്നു. ബി ജെ പിക്ക് വലിയ പ്രതീക്ഷയൊന്നും മണ്ഡലത്തിലില്ലെങ്കിലും കഴിഞ്ഞ തവണ 154159 വോട്ടുകള്‍ എ എന്‍ രാധാകൃഷ്ണന്‍ നേടിയിരുന്നു. ഇക്കുറി സീറ്റ് ബി ഡി ജെ എസിനാണ് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications